കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ തീ കൊളുത്തി മരിച്ച സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതായി ലേബർ സൊസൈറ്റി സമ്മതിച്ചു
കോഴിക്കോട്: വടകരയിൽ ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി വയോധികൻ തീ കൊളുത്തി മരിച്ച സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതായി സമ്മതിച്ച് കടത്തനാട് ലേബർ സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ്. മരണപ്പെട്ട ഇബ്രാഹിംകുട്ടി ഹാജിക്ക് നിക്ഷേപത്തുക തിരികെ നൽകാൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇബ്രാഹിം പല തവണ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പലിശ മാത്രമാണ് നൽകാൻ കഴിഞ്ഞിരുന്നത്. സൊസൈറ്റി നിലവിൽ ഒരു കോടി 69 ലക്ഷം രൂപയുടെ നഷ്ടത്തിലാണെന്നും, അതുകൊണ്ടാണ് പണം കൃത്യസമയത്ത് തിരികെ നൽകാൻ കഴിയാതിരുന്നതെന്നും ഒന്നു രണ്ട് മാസത്തിനകം പണം നൽകാമെന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നതായും റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കവെ ബഷീർ അഹമ്മദ് വ്യക്തമാക്കി.
ഡിസിസി സെക്രട്ടറി സുധീറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണസംഘമാണ് കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി. ഇവിടെ ഇബ്രാഹിംകുട്ടി വലിയൊരു തുക നിക്ഷേപിച്ചിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും പല തവണ ആവശ്യപ്പെട്ടിട്ടും സൊസൈറ്റിയിൽ നിന്ന് പണം തിരികെ ലഭിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിംകുട്ടി ഹാജി (71) വടകരയിലുള്ള സുധീറിന്റെ വീട്ടിലെത്തിയത്. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ തീ അണയ്ക്കുകയും ഇബ്രാഹിമിനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ 75 ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി എട്ടരയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
What's Your Reaction?



