യുവതിയുടെ മരണം ആസിഡ് ഉള്ളിൽച്ചെന്ന്; ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിർണ്ണായക കണ്ടെത്തൽ
കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ ക്രൂരമായ സംഭവത്തില്‍ ഭര്‍ത്താവിന്റെ പീഡനം വ്യക്തമാക്കുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച ഫാത്തിമത്ത് സുഫൈദയുടെ (24) ശരീരത്തില്‍ പുതിയ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയുടെ മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകളും നഖം കൊണ്ടുള്ള പോറലുകളും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത ദിവസം സുഫൈദയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് റിമാന്‍ഡിലുള്ള ഭര്‍ത്താവ് ആദില്‍ പോലീസിനോട് സമ്മതിച്ചു. വിദ്യാനഗര്‍ പോലീസ് നിലവില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് കാസര്‍കോട് പാണലത്ത് ചര്‍ലടുക്ക സ്വദേശിനിയായ സുഫൈദ ശനിയാഴ്ച ജീവനൊടുക്കിയത്. വിവാഹസമയത്ത് കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളും മഹറായി ലഭിച്ച മാലയുമടക്കം ചോദിച്ച് ആദില്‍ സുഫൈദയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവദിവസവും സ്വര്‍ണത്തെച്ചൊല്ലി ഭര്‍തൃവീട്ടില്‍ വെച്ച് കടുത്ത തര്‍ക്കമുണ്ടായി. വിവരം പുറത്തുപറയാതിരിക്കാന്‍ സുഫൈദയുടെ ഫോണ്‍ ആദില്‍ എറിഞ്ഞുപൊട്ടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് സുഫൈദ ആസിഡ് കുടിച്ചത്. ആസിഡ് ഉള്ളില്‍ച്ചെന്ന് മരിക്കാന്‍ കിടന്ന യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ലെന്നും 'നീ അനുഭവിച്ചോ' എന്ന ക്രൂരമായ നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും ബന്ധുക്കള്‍ കണ്ണീരോടെ വെളിപ്പെടുത്തി.
What's Your Reaction?

