ഇറാൻ-അമേരിക്ക അന്തിമ കരാറിൽ കല്ലുകടി; മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം

May 25, 2026 - 11:43
May 25, 2026 - 11:44
 0
ഇറാൻ-അമേരിക്ക അന്തിമ കരാറിൽ കല്ലുകടി; മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം

തെഹ്റാൻ: ഇറാൻ-അമേരിക്ക സമാധാന കരാറിലെ അന്തിമ ധാരണകൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളും ലെബനനിലെ വെടിനിർത്തൽ വിഷയങ്ങളുമാണ് കരാർ വൈകാൻ പ്രധാന കാരണമായി ഇറാനിയൻ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇറാന്റെ എണ്ണയ്ക്കുമേലുള്ള ഉപരോധം പിൻവലിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുന്ന കാര്യത്തിൽ കടുംപിടുത്തം തുടരുകയാണ്. ഇതിനുപുറമെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങളും അന്തിമ കരാറിലെത്തുന്നതിന് വലിയ തടസ്സമായി നിൽക്കുന്നു.

തടഞ്ഞുവെച്ചിരിക്കുന്ന ആസ്തികളുടെ പങ്ക് പൂർണ്ണമായി വിട്ടുകിട്ടാതെ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് ഇറാൻ. പാകിസ്താനും വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും നടത്തിയ സുപ്രധാന മധ്യസ്ഥ ശ്രമങ്ങളിലൂടെ നേരത്തെ ചില ധാരണകളിൽ എത്തിയിരുന്നെങ്കിലും, നേരിട്ടുള്ള ചർച്ചകളിൽ അമേരിക്ക നിലപാടുകൾ മാറ്റുകയാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇതിനിടെ, ഇറാനുമായുള്ള കരാറിന് ഒട്ടും തിടുക്കം കൂട്ടേണ്ടതില്ലെന്ന് ചർച്ചാ പ്രതിനിധികൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കർശന നിർദ്ദേശം നൽകി. 'സമയം നമ്മുടെ പക്ഷത്താണ്' എന്ന് വ്യക്തമാക്കിയ ട്രംപ്, കരാർ യാഥാർത്ഥ്യമായി ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുമെന്നും പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ ഉടൻ നടക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രത്യാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമാക്കുന്ന ട്രംപിന്റെ പ്രതികരണം പുറത്തുവന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow