പാകിസ്താനിൽ വൻ ദുരന്തം വിതച്ച് പാസഞ്ചർ ട്രെയിനിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റി ഭീകരാക്രമണം
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ അതിശക്തമായ കാർബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ ഞായറാഴ്ച രാവിലെയാണ് നടുക്കുന്ന ഈ ഭീകരാക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ നൂറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൈനികരുമായി പോയ ട്രെയിനിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാക് സൈനികരാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
പ്രദേശത്ത് സജീവമായ നിരോധിത ഭീകര സംഘടനയായ ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിൻ ബോഗികൾ തകരുകയും റെയിൽവേ ട്രാക്കിന് സമീപം വൻ തീപിടിത്തമുണ്ടാവുകയും ചെയ്തു. പലരുടെയും പരിക്ക് അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. ഫയർഫോഴ്സും സൈന്യവും രക്ഷാപ്രവർത്തകരും ചേർന്ന് സ്ഥലത്ത് ഇപ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
What's Your Reaction?

