നീറ്റ് പരീക്ഷ എൻടിഎയിൽ നിന്ന് മാറ്റണോ? സുപ്രീം കോടതിയുടെ കടുത്ത വിമർശനം; കേന്ദ്രത്തോട് വിശദീകരണം തേടി
ന്യൂഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പിൽ നിന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിയെ (NTA) മാറ്റി, കൂടുതൽ സുരക്ഷിതവും സ്വയംഭരണാധികാരമുള്ളതുമായ പുതിയ സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാർ, സിബിഐ, എൻടിഎ എന്നിവരോട് വിശദീകരണം തേടി.
2024ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ രൂപീകരിച്ച നിരീക്ഷണ സമിതിയുടെ ശുപാർശകൾ നടപ്പാക്കിയോ എന്ന കാര്യത്തിൽ എൻടിഎ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. മുൻകാല പിഴവുകളിൽ നിന്ന് അധികൃതർ പാഠം പഠിച്ചിട്ടില്ലെന്നത് ആശങ്കാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
“പരീക്ഷയെക്കുറിച്ചല്ല ഞങ്ങളുടെ ആശങ്ക, മുൻ നിർദേശങ്ങളിൽ നിന്ന് നിങ്ങൾ പാഠം പഠിച്ചില്ലെന്നതാണ് പ്രശ്നം,” എന്നും കോടതി വ്യക്തമാക്കി. മുൻ ഉത്തരവുകൾ പ്രകാരം രൂപീകരിച്ച നിരീക്ഷണ സമിതിയുടെ പ്രവർത്തനത്തെക്കുറിച്ചും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും സമർപ്പിച്ച ഹർജിയിലാണ് എൻടിഎയ്ക്ക് പകരം കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ പരീക്ഷാ സംവിധാനം വേണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്. കേസ് മേയ് 29ന് വീണ്ടും പരിഗണിക്കും.
What's Your Reaction?



