അമ്മ’യിൽ പുതിയ വിവാദം; ക്ഷേത്രവുമായി 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് കരാർ പുറത്ത്
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് കരാർ പുറത്തുവന്നതോടെ പുതിയ വിവാദം. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തതെന്നാണ് റിപ്പോർട്ട്. ക്ഷേത്രം പ്രസിഡന്റ് ടി.ജി. നന്ദകുമാറും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലായിരുന്നു കരാർ.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന നിലപാടോടെ നടി അൻസിബ ഹസൻ ഈ സ്പോൺസർഷിപ്പിനെ എതിർത്തതായി റിപ്പോർട്ടുണ്ട്. മതസ്ഥാപനങ്ങളിൽ നിന്ന് പണം സ്വീകരിക്കരുതെന്ന അഭിപ്രായമാണ് അവർ മുന്നോട്ടുവച്ചത്. എന്നാൽ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയായതിനാൽ സംഭാവന സ്വീകരിക്കുന്നതിന് തടസമില്ലെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിനായിരുന്നു വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം ടൈറ്റിൽ സ്പോൺസറായത്. 75 ലക്ഷം രൂപയുടെ കരാറിൽ 30 ലക്ഷം രൂപ ആദ്യഗഡുവായി നൽകിയതായും ബാക്കി 45 ലക്ഷം ലഭിക്കാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പരിപാടിയിൽ ക്ഷേത്രത്തിന്റെ പരസ്യം ആവശ്യത്തിന് പ്രദർശിപ്പിച്ചില്ലെന്ന പരാതിയും ക്ഷേത്രം ഭാരവാഹികൾ സംഘടനയെ അറിയിച്ചിട്ടുണ്ട്. ബാക്കി തുക നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് സ്പോൺസർഷിപ്പ് കരാർ പുറത്തുവന്നത്.
What's Your Reaction?



