കിഴക്കമ്പലത്തെ 7 ദലിത് കുടുംബങ്ങളുടെ ഒഴിപ്പിക്കൽ; ഹൈക്കോടതി നടപടി രണ്ടാഴ്ച കൂടി നീട്ടി
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. പ്രശ്നപരിഹാരത്തിനായി ആത്മാർഥ ശ്രമങ്ങൾ നടക്കുകയാണെന്നും കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം.
കഴിഞ്ഞയാഴ്ച ഒഴിപ്പിക്കൽ ശ്രമം സംഘർഷത്തിലേക്ക് നീങ്ങിയതിനെ തുടർന്നാണ് സർക്കാർ ഇടപെട്ട് വിഷയത്തിൽ പരിഹാരം കാണാൻ ശ്രമം ആരംഭിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
അതേസമയം, താമസക്കാർ ഭൂമിയിൽ തങ്ങളുടെ നിയമപരമായ അവകാശം ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരത്തിൽ കോടതി വിധിപ്രകാരമുള്ള ഒഴിപ്പിക്കൽ തടയാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മൂന്നു തലമുറകളായി ഇവിടെ താമസിക്കുന്നുവെന്ന് കുടുംബങ്ങൾ വാദിച്ചെങ്കിലും, ഭൂമിയിലെ അവകാശം തെളിയിക്കാൻ പ്രത്യേക കേസ് ഫയൽ ചെയ്തിട്ടില്ലെന്നും എക്സിക്യൂഷൻ നടപടിക്കെതിരെ തടസ്സ ഹർജിയും നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ഭൂമിയുടെ അവകാശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയെ തുടർന്നാണ് മുൻസിഫ് കോടതി ഒഴിപ്പിക്കൽ നടപടികൾക്ക് ഉത്തരവിട്ടത്. തുടർന്ന് നടന്ന സംഘർഷത്തിനുശേഷമാണ് സർക്കാർ പ്രശ്നപരിഹാരത്തിനായി സമയം തേടി ഹൈക്കോടതിയെ സമീപിച്ചത്.
What's Your Reaction?



