വാഷിങ്ടണ്‍: ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. നിലവില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ അമേരിക്ക ചുമത്തുന്നുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ തീരുവ 130 ശതമാനമാകും.
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കയറ്റുമതിക്കുള്ള നിയമങ്ങൾ കർശനമാക്കാനുള്ള ചൈനീസ് തീരുമാനത്തിനെതിരെയാണ് യുഎസിന്റെ തീരുവ ചുമത്തൽ. അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള തർക്കത്തിന്‍റെ ഫലമായാണ് ട്രംപിന്‍റെ നീക്കം.