നടൻ ടിനി ടോമിനെതിരെ നിയമപോരാട്ടത്തിന് അൻസിബ ഹസ്സൻ; പരാതി നിലനിൽക്കുമെന്ന് ലീഗൽ അഡ്വൈസ്
കൊച്ചി: താരസംഘടനയായ 'അമ്മ'യെ (AMMA) പിടിച്ചുലയ്ക്കുന്ന വൻ വിവാദങ്ങൾക്കിടെ നടൻ ടിനി ടോമിനെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഒരുങ്ങി നടി അൻസിബ ഹസ്സൻ. ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുകയും 'മതതീവ്രവാദി', 'ജിഹാദി' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതിനെത്തുടർന്നാണ് സംഘടനയിൽ നിന്ന് താൻ രാജിവെച്ചതെന്ന് അൻസിബ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ അൻസിബ തേടിയ നിയമോപദേശത്തിൽ പരാതിക്ക് പൂർണ്ണമായ നിയമസാധുതയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. നടി നീന കുറുപ്പ് അടക്കമുള്ളവരെ കേസിൽ പ്രധാന സാക്ഷികളാക്കാനാണ് അൻസിബയുടെ തീരുമാനം. അമ്മ കുടുംബസംഗമത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ വെച്ച് ടിനി ടോം തന്നോട് അസഭ്യവും അശ്ലീല പ്രയോഗങ്ങളും നടത്തിയെന്നും ശാരീരികമായി ആക്രമിക്കാൻ മുതിർന്നുവെന്നും കാണിച്ച് നീന കുറുപ്പും മെയ് 12-ന് സംഘടനയ്ക്ക് പരാതി നൽകിയിരുന്നു.
എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം പൂർണ്ണമായി തള്ളി ടിനി ടോം രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം തിരക്കുകൾ കാരണമാണ് രാജിവെയ്ക്കുന്നതെന്ന് അൻസിബ നേരത്തെ പറഞ്ഞിരുന്നതാണെന്നും ഇപ്പോൾ നടക്കുന്നത് തന്നെ തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണെന്നും ടിനി ടോം പ്രതികരിച്ചു. സ്റ്റേജ് ഷോകളുടെ റിഹേഴ്സൽ സമയത്ത് അങ്ങോട്ടുമിങ്ങോട്ടും ബഹളങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ താൻ ആരെയും ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻസിബയുടെ പരാതി ആസൂത്രിതമാണെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും ആരോപിച്ചു. അൻസിബ ടിനി ടോമിനെതിരെ സംഘടനയ്ക്ക് പരാതി നൽകിയിട്ടില്ലെന്നാണ് ശ്വേതയുടെ വാദം. അതേസമയം, ഈ തർക്കങ്ങളുടെയെല്ലാം പ്രധാന കാരണമായ 'അമ്മ' കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിവാദ വ്യക്തിത്വമായ ദല്ലാൾ നന്ദകുമാർ ചെയർമാനായ വെണ്ണല മഹാദേവ ക്ഷേത്രമാണ് ഈ പരിപാടിയുടെ പ്രധാന സ്പോൺസർ. കുടുംബസംഗമത്തിനായി ക്ഷേത്രം 75 ലക്ഷം രൂപ നൽകുമെന്ന ധാരണാപത്രത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറും ഒപ്പുവെച്ച ഈ കരാർ പ്രകാരം 30 ലക്ഷം രൂപ ഇതിനകം മുൻകൂറായി നൽകിയിട്ടുണ്ട്. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഈ വിവാദ സ്പോൺസർഷിപ്പിനെ ശക്തമായി എതിർത്തിരുന്നെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ ഇത് സ്വീകരിക്കാൻ 'അമ്മ' തീരുമാനിക്കുകയായിരുന്നു. ഇതാണ് നിലവിലെ വലിയ തർക്കങ്ങളിലേക്ക് വഴിമാറിയത്.
What's Your Reaction?

