മരണങ്ങളിൽ ദുരൂഹതയെന്ന് സംശയം; അഖിലയുടെ മുൻ ഭർത്താവിന്റെയും ഡാൻസ് സ്കൂൾ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ, അമ്മ അഖിലയുടെ ഭൂതകാലത്തെ ദുരൂഹ മരണങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്. അർഷിദിന്റെ പിതാവും അഖിലയുടെ ആദ്യ ഭർത്താവുമായ അഖിലിന്റെ മരണം, അഖില ജോലി ചെയ്തിരുന്ന ഡാൻസ് സ്കൂളിലെ വനിതാ ജീവനക്കാരിയുടെ മരണം എന്നിവയെക്കുറിച്ചാണ് പോലീസ് പ്രത്യേകം അന്വേഷിക്കുന്നത്. ഈ രണ്ട് മരണങ്ങളിലും ശക്തമായ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
പ്രണയവിവാഹിതരായിരുന്ന അഖിലയും അഖിലും തമ്മിൽ പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. അഖില അർഷിദിനെ ഗർഭം ധരിച്ചിരുന്ന സമയത്താണ് അഖിൽ ആത്മഹത്യ ചെയ്യുന്നത്. അഖിലയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായി അഖിൽ അറിഞ്ഞിരുന്നെന്നും, ഇതുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ചർച്ചകൾക്ക് പിന്നാലെയാണ് അഖിൽ ജീവനൊടുക്കിയതെന്നും അഖിലിന്റെ പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഡാൻസ് സ്കൂളിലെ ഡ്രൈവറും നിലവിൽ അർഷിദ് വധക്കേസിലെ ഒന്നാം പ്രതിയുമായ അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന ചിറയീൻകീഴ് സ്വദേശിനിയായ യുവതിയുടെ മരണമാണ് പോലീസ് അന്വേഷിക്കുന്ന രണ്ടാമത്തെ സംഭവം. ഈ യുവതിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയാണ് അഷ്കർ അഖിലയ്ക്കൊപ്പം താമസം തുടങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ മരണം. ഈ രണ്ട് മരണങ്ങളിലും അഖിലയ്ക്കും അഷ്കറിനും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കും.
അതേസമയം, കുഞ്ഞിന്റെ കൊലപാതകത്തിൽ അഷ്കറിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെയും അന്വേഷണം നീളുന്നുണ്ട്. ഇവർ കുഞ്ഞിനെ മുൻപ് ഉപദ്രവിച്ചിരുന്നോ എന്ന് സംശയമുണ്ട്. അഷ്കർ കുഞ്ഞിനെ വടികൊണ്ട് അടക്കമുള്ള ക്രൂര മർദ്ദനങ്ങൾക്കിരയാക്കുമ്പോൾ അഖില ഇത് നോക്കിനിൽക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചോറ് കഴിക്കുന്നതിനിടെ ഛർദ്ദിച്ചെന്ന് പറഞ്ഞാണ് അഷ്കർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ നെഞ്ചിനേറ്റ കടുത്ത ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ ശരീരത്തിൽ ചെറുതും വലുതുമായ നൂറോളം പഴയതും പുതിയതുമായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം തമിഴ്നാട്ടിൽ ഡാൻസ് പരിപാടിക്ക് പോയിരിക്കുകയായിരുന്നു എന്ന അഖിലയുടെ മൊഴിയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
What's Your Reaction?



