ബാറിലെ തർക്കത്തിന് പിന്നാലെ ക്രൂരത; ചെന്നൈയിൽ പതിനെട്ടുകാരിയെ കാറിടിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Jun 1, 2026 - 12:10
Jun 1, 2026 - 12:31
 0
ബാറിലെ തർക്കത്തിന് പിന്നാലെ ക്രൂരത; ചെന്നൈയിൽ പതിനെട്ടുകാരിയെ കാറിടിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: നഗരത്തിലെ സ്വകാര്യ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് പതിനെട്ടുകാരിയെ കാറിടിച്ച് കൊലപ്പെടുത്തി. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർത്ഥിയായ യാൻസി (18) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനേഴുകാരിക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ ബാലമുരുകൻ (21), ജോഷ്വ (19), കിഷോർ കുമാർ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം ചെന്നൈയിലെ ബാറിൽ വെച്ച് യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടയിൽ പ്രതികളുടെ സംഘവുമായി വാക്കേറ്റമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. തർക്കം രൂക്ഷമായതോടെ ബൗൺസർമാർ ഇടപെട്ട് ഇവരെ പുറത്താക്കിയെങ്കിലും പുറത്തുവെച്ചും ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായി.

 തുടർന്ന് യാൻസിയും സുഹൃത്തുക്കളും ഇരുചക്രവാഹനങ്ങളിലും പ്രതികൾ കാറിലുമായി അവിടെനിന്ന് മടങ്ങി. എന്നാൽ യാത്രാമധ്യേ പ്രതികളുടെ കാർ കണ്ട യാൻസിയുടെ സംഘം അതിനുനേരെ കല്ലെറിഞ്ഞു.

ഇതിൽ പ്രകോപിതരായ യുവാക്കൾ കാറിൽ ഇവരെ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടർ ബോധപൂർവ്വം ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യാൻസി സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റ് പെൺകുട്ടിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനം നൽകിയതിനെത്തുടർന്ന് തർക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാർ പോലീസ് താൽക്കാലികമായി പൂട്ടിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow