തൊടുപുഴയിലെ നഴ്‌സിന്റെ ആത്മഹത്യാ ശ്രമം; സഹപ്രവർത്തകരായ മൂന്ന് പേർക്കെതിരെ കേസ്
തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ആശുപത്രി ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നഴ്സിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് തൊടുപുഴ പോലീസ് നടപടിയെടുത്തത്.
ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നഴ്സ് അൽഫോൻസ എന്നിവർക്കെതിരെയാണ് കേസ്. കുറ്റാരോപിതരായ മൂന്ന് ജീവനക്കാരെയും കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജോലിസ്ഥലത്ത് വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ചീഫ് നഴ്സിംഗ് ഓഫീസറും സൂപ്പർവൈസറും ചേർന്ന് തന്നെ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചിരുന്നതായി നഴ്സ് മൊഴി നൽകിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർക്കെതിരെ മുൻപും സമാനമായ രീതിയിൽ പരാതികൾ ഉയർന്നിട്ടുണ്ടെന്നും, ഇവരുടെ പീഡനം കാരണം പല ജീവനക്കാർക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ആരോപിക്കുന്നു.
ശമ്പള വർദ്ധനവ്, കൃത്യമായ ജോലി സമയം തുടങ്ങിയ ആവശ്യങ്ങൾ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെത്തുടർന്നാണ് നഴ്സുമാരുടെ സംഘടന രംഗത്തിറങ്ങിയത്.
അതേസമയം, സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ച രാഷ്ട്രീയ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ 15 പ്രവർത്തകർക്കെതിരെയും യുവമോർച്ചയുടെ 11 പ്രവർത്തകർക്കെതിരെയുമാണ് പൊതുമുതൽ നശിപ്പിച്ചതിനും സംഘം ചേർന്നതിനും കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?



