ഷിരൂരില്‍ ജീവന്‍ പൊലിഞ്ഞ അര്ജുന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്
മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂര്‍ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചില്‍ നടത്തിയിരുന്നത്.

കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ ജീവന്‍ പൊലിഞ്ഞ അര്ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. 2024 ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ (32) കാണാതായത്. മലയാളികള്‍ മുഴുവനും ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും സെപ്തംബര്‍ 25ന് വൈകിട്ടോടെയാണ് പുഴയില്‍ നിന്ന് ലഭിച്ചത്.
ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അര്‍ജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂര്‍ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചില്‍ നടത്തിയിരുന്നത്.
കരയില്‍ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് നേവിയുടെ റഡാര്‍, സോണര്‍ സിഗ്‌നല്‍ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
അര്‍ജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നതിനെത്തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. എട്ടാം ദിവസമാണ് പുഴയിലേക്ക് തെരച്ചില്‍ കേന്ദ്രീകരിക്കുന്നത്. ഇതിനിടയില്‍ പല തവണ തെരച്ചില്‍ നിര്‍ത്തിവെച്ചു.
What's Your Reaction?






