മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു. ഗവർണർ അജയ് ഭല്ലയെ നേരിട്ട് കണ്ട് ബിരേന്‍ സിങ് രാജിക്കത്ത് കൈമാറി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് എ ശാർദ, നോർത്ത് ഈസ്റ്റ് മണിപ്പുർ ഇൻ ചാർജ് സംബിത് പത്ര, 19 എംഎൽഎമാർ എന്നിവർ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് അനുഗമിച്ചിരുന്നു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്. ഒരു വർഷത്തിലധികമായി മണിപ്പൂരിൽ സാമുദായിക കലാപം ആളിപ്പടരുകയാണ്.
മണിപ്പൂരിലെ കുകി, മെയ്തേ സമുദായങ്ങൾ തമ്മിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൈകാര്യം ചെയ്തതിൽ സർക്കാർ പരാജയപ്പെട്ടതായി ആരോപണങ്ങൾ ഉയർന്നിരുന്നു. സിങ്ങിന്‍റെ നേതൃത്വത്തിൽ അതൃപ്തിയുണ്ടായിരുന്ന ബിജെപി എംഎൽഎമാർ കോൺഗ്രസിനൊപ്പം ചേരാനുള്ള സാധ്യത കൂടി മുൻകൂട്ടി കണ്ടാണ് ബിജെപി ദേശീയനേതൃത്വം ബിരേൻ സിങിന്‍റെ രാജി അംഗീകരിച്ചത്. തിങ്കളാഴ്ച നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനിടെയാണ് രാജി.
What's Your Reaction?






