ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കും; മോട്ടോർ വാഹന നിയമം പരിഷ്കരിക്കാൻ കേന്ദ്രം

ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉടൻ തന്നെ സംസ്ഥാന ഗതാഗത വകുപ്പുകൾക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും കൈമാറും

Jan 14, 2026 - 22:08
Jan 14, 2026 - 22:08
 0
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കും; മോട്ടോർ വാഹന നിയമം പരിഷ്കരിക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിലെ പിഴ ശിക്ഷയ്ക്ക് പുറമെ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള വ്യവസ്ഥകൾ മോട്ടോർ വാഹന നിയമത്തിൽ (Motor Vehicle Act) ഭേദഗതി വരുത്തി നടപ്പിലാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉടൻ തന്നെ സംസ്ഥാന ഗതാഗത വകുപ്പുകൾക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും കൈമാറും.
 
ഇന്ത്യയിലെ വാഹനങ്ങളിൽ ഏകദേശം 56 ശതമാനവും (ഏകദേശം 16.5 കോടി വാഹനങ്ങൾ) ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് 2025-ൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്.

നിലവിൽ സാധുവായ രജിസ്ട്രേഷനോ പെർമിറ്റോ ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ഇതേ മാതൃകയിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളും റോഡിൽ നിന്ന് പിടിച്ചെടുത്ത് മാറ്റാനാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്.

ചുരുങ്ങിയത് 'തേർഡ് പാർട്ടി ഇൻഷുറൻസ്' എങ്കിലും ഉറപ്പാക്കി അപകടങ്ങൾ സംഭവിക്കുമ്പോൾ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ആദ്യ തവണ 2,000 രൂപയും ആവർത്തിച്ചാൽ 4,000 രൂപയുമാണ് പിഴ. കൂടാതെ മൂന്ന് മാസം വരെ തടവ് ശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്. വാഹന ഉടമകൾ ഇൻഷുറൻസ് പുതുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ വഴി നിരീക്ഷണം ശക്തമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow