ഡഗൗട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചു; രാജസ്ഥാൻ റോയൽസ് മാനേജർ വിവാദത്തിൽ; ബിസിസിഐ ചട്ടങ്ങൾ ലംഘിച്ചതായി ആരോപണം

ഐപിഎൽ ചട്ടങ്ങൾ പ്രകാരം ടീം മാനേജർമാർക്ക് ഡഗൗട്ടിലേക്ക് ഫോൺ കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും അവിടെ വെച്ച് ഉപയോഗിക്കുന്നത് അനുവദനീയമല്ല

Apr 12, 2026 - 22:00
Apr 12, 2026 - 22:00
 0
ഡഗൗട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചു; രാജസ്ഥാൻ റോയൽസ് മാനേജർ വിവാദത്തിൽ; ബിസിസിഐ ചട്ടങ്ങൾ ലംഘിച്ചതായി ആരോപണം

ഗുവാഹത്തി: റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരായ മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം മാനേജർ വിവാദത്തിൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.

മത്സരം പുരോഗമിക്കവെ ടീം മാനേജർ റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. ഇതോടെ രാജസ്ഥാൻ റോയൽസ് ക്ലബ് പ്രതിരോധത്തിലായിരിക്കുകയാണ്. മത്സരത്തിന്റെ 11-ാം ഓവറിലാണ് വിവാദമായ സംഭവം നടന്നത്. രാജസ്ഥാൻ യുവതാരം വൈഭവ് സൂര്യവംശിക്കൊപ്പം ഡഗൗട്ടിലിരിക്കവെ റോമി ബിന്ദർ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഉപയോഗിക്കുകയായിരുന്നു. താരം ഫോണിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഐപിഎൽ ചട്ടങ്ങൾ പ്രകാരം ടീം മാനേജർമാർക്ക് ഡഗൗട്ടിലേക്ക് ഫോൺ കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും അവിടെ വെച്ച് ഉപയോഗിക്കുന്നത് അനുവദനീയമല്ല. ഡ്രസ്സിങ് റൂമുകളിൽ മാത്രമാണ് ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ ചട്ടങ്ങൾ പ്രകാരം ഇത് ഗൗരവകരമായ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. സംഭവത്തിൽ ടീം മാനേജർക്കെതിരെ കർശന നടപടി വേണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.

സംഭവം വലിയ ചർച്ചയായിട്ടും രാജസ്ഥാൻ റോയൽസ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബിസിസിഐ വിഷയത്തിൽ അന്വേഷണം നടത്തുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow