ഐ.പി.എൽ: താരങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബി.സി.സി.ഐ; ഡ്രസ് കോഡ് ലംഘിച്ചാൽ പിഴ; മത്സരദിവസം പരിശീലനത്തിന് വിലക്ക്
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും പിച്ചുകളുടെ സംരക്ഷണത്തിനുമായിട്ടാണ് പുതിയ മാർഗനിർദ്ദേശങ്ങൾ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2026) 19-ാം പതിപ്പിന് മാർച്ച് 28-ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ടൂർണമെന്റിന് മുന്നോടിയായി താരങ്ങൾക്കും ടീമുകൾക്കും ബിസിസിഐ കർശന പെരുമാറ്റച്ചട്ടങ്ങൾ പുറപ്പെടുവിച്ചു.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും പിച്ചുകളുടെ സംരക്ഷണത്തിനുമായിട്ടാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. വസ്ത്രധാരണം മുതൽ പരിശീലന സെഷനുകൾ വരെ നീളുന്നതാണ് ബിസിസിഐയുടെ പുതിയ നിയമങ്ങൾ. മത്സരദിവസങ്ങളിൽ ടീമുകൾക്ക് പരിശീലന സെഷനുകളോ മെയിൻ സ്ക്വയറിൽ ഫിറ്റ്‌നസ് ടെസ്റ്റുകളോ നടത്താൻ അനുവാദമില്ല. പിച്ചും വിക്കറ്റും സംരക്ഷിക്കുന്നതിനാണ് ഈ നടപടി.
പരിശീലനത്തിന് 'ഓപ്പൺ നെറ്റ്‌സ്' അനുവദിക്കില്ല. ഒരു ടീം നേരത്തെ പരിശീലനം അവസാനിപ്പിച്ചാലും ആ വിക്കറ്റുകൾ ഉപയോഗിക്കാൻ എതിർ ടീമിന് അനുമതി ഉണ്ടാകില്ല. താരങ്ങൾ ടീം ബസിൽ തന്നെ സ്റ്റേഡിയത്തിൽ എത്തണം. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒപ്പമുണ്ടാകാൻ പാടില്ല. അവർക്ക് പ്രത്യേക വാഹനങ്ങളിൽ വരാമെങ്കിലും ഹോസ്പിറ്റാലിറ്റി ഏരിയയിലിരുന്ന് മാത്രമേ പരിശീലനം കാണാൻ അനുവാദമുള്ളൂ.
പരിശീലന വേളയിൽ എൽഇഡി ബോർഡുകളിലേക്ക് പന്ത് അടിക്കരുത്. താരങ്ങൾക്കും സ്റ്റാഫിനും ബോർഡുകൾക്ക് മുന്നിൽ ഇരിക്കാൻ അനുവാദമില്ല. പകരക്കാർക്കായി (Substitutes) പ്രത്യേക സീറ്റുകൾ അടയാളപ്പെടുത്തും. ഓറഞ്ച്, പർപ്പിൾ ക്യാപ് വിജയികൾ നിർബന്ധമായും അവ ധരിക്കണം. ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിൽ ബ്രോഡ്കാസ്റ്റർമാർക്ക് വേണ്ടി ആദ്യ രണ്ട് ഓവർ എങ്കിലും ഇവ ധരിച്ചിരിക്കണം.
മത്സരത്തിന് ശേഷമുള്ള പ്രസന്റേഷൻ ചടങ്ങുകളിൽ സ്ലീവ്‌ലെസ് ജഴ്‌സികളും ചെരുപ്പുകളും (Slippers) നിരോധിച്ചു. ആദ്യ തവണ നിയമം ലംഘിച്ചാൽ മുന്നറിയിപ്പ് നൽകും; രണ്ടാമതും ആവർത്തിച്ചാൽ വലിയ തുക പിഴയായി ഈടാക്കും. മാര്‍ച്ച് 28 ന് ആർസിബിയും എസ്ആർഎച്ചും തമ്മിലാണ് ഉദ്ഘാടന മത്സരം.
What's Your Reaction?