സംവിധായകൻ സനോജ് മിശ്ര ശരീരത്തിൽ കയറിപ്പിടിച്ചു; സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി മൊണാലിസ
ആദ്യത്തെ സിനിമയായതിനാൽ വീട്ടുകാർ വിഷയത്തെ ഗൗരവമായി എടുത്തില്ലെന്നും അതുകൊണ്ടാണ് അന്ന് പ്രതികരിക്കാൻ കഴിയാതിരുന്നതെന്നും മൊണാലിസ പറഞ്ഞു
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ സംവിധായകൻ സനോജ് മിശ്ര തന്നോട് മോശമായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി കുംഭമേള വൈറൽ താരം മൊണാലിസ. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭർത്താവ് ഫർമാൻ ഖാനൊപ്പമെത്തി പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം തനിക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.
ആദ്യത്തെ സിനിമയായതിനാൽ വീട്ടുകാർ വിഷയത്തെ ഗൗരവമായി എടുത്തില്ലെന്നും അതുകൊണ്ടാണ് അന്ന് പ്രതികരിക്കാൻ കഴിയാതിരുന്നതെന്നും മൊണാലിസ പറഞ്ഞു. നിലവിൽ കേരളത്തിൽ താമസിക്കുന്ന താരം ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും വ്യക്തമാക്കി. സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ പലതവണ ശരീരത്തിൽ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി മൊണാലിസ ആരോപിച്ചു.
തനിക്ക് 18 വയസ്സ് തികയുന്നതിന് മുൻപാണ് ഈ സംഭവങ്ങൾ നടന്നത്. നേരിട്ട ദുരനുഭവങ്ങൾ അന്ന് തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ആദ്യ സിനിമയായതിനാൽ അവർ അത് കാര്യമാക്കിയില്ല. ഇതോടെയാണ് സംഭവം പുറംലോകം അറിയാൻ വൈകിയത്. സനോജ് മിശ്രയ്ക്കെതിരെ ഔദ്യോഗികമായി പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് താരം അറിയിച്ചു.
അടുത്തിടെ കേരളത്തിൽ വെച്ചായിരുന്നു മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹം നടന്നത്. നിലവിൽ ഇവിടെ താമസിക്കുന്ന ഇവർ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് വെല്ലുവിളികൾ നിറഞ്ഞതാണെന്ന് മൊണാലിസ കൂട്ടിിച്ചേർത്തു. കുംഭമേളയ്ക്കിടെ പകർത്തിയ ചിത്രങ്ങളിലൂടെയാണ് മൊണാലിസ സോഷ്യൽ മീഡിയയിൽ തരംഗമായത്.
What's Your Reaction?