ചിരിയും ചിന്തയും നൽകുന്ന ഇന്നസൻ്റ് നവംബർ ഏഴിന് എത്തുന്നു

നവാഗതനായ സതീഷ് തൻവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Oct 27, 2025 - 19:56
Oct 27, 2025 - 19:56
 0
ചിരിയും ചിന്തയും നൽകുന്ന  ഇന്നസൻ്റ്  നവംബർ ഏഴിന് എത്തുന്നു
പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നവംബർ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
 
സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നു. അപൂർവ്വം ചിലർ മാത്രം പ്രതികരിക്കുന്നു. ഒരുപക്ഷെ അവർ സമൂഹത്തിൽ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ്  നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ തികഞ്ഞ സറ്റയറിലൂടെ ഇന്നസൻ്റ് എന്ന ചിത്രത്തിലൂടെ  അവതരിപ്പിക്കുന്നത്. 
 
നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഈ ചിത്രം  എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശ്രീരാജ് ഏ.ഡി. നിർമ്മിക്കുന്നു. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും  ശ്രദ്ധേയനാണ് സതീഷ് തൻവി.
 
ഗൗരവമല്ലെന്നു നാം കരുതുന്ന ഒരു വിഷയം ചിരിയോടെ ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം . ആ സഞ്ചാരത്തിനിടയിൽ സമൂഹത്തിലെ ചില ജീർണ്ണതകൾക്കെതിരേയുള്ള ചുണ്ടുവിരലുമുണ്ട്. സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് കഥാ സഞ്ചാരം . അദ്ദേഹത്തിൻ്റെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു ബസ് യാത്രയും അതിനിടയിലൂടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.ഒരു റോഡ് മൂവി എന്ന പേരും ഈ ചിത്രത്തിന് ഏറെ അന്വർത്ഥമാണ്.  
 
തൻ്റേതായ ശൈലിയിലൂടെ പ്രേഷകരുടെ ഇടയിൽ ഏറെ കൗതുകമുള്ള നടനാണ് അൽത്താഫ് സലിം. നടനു പുറമേ സംവിധായകനായും തൻ്റെ സാന്നിദ്യം മലയാള സിനിമയിൽ ഉറപ്പിച്ച പ്രതിഭ തന്നെയാണ് അൽത്താഫ് സലിം. വാഴ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോമോൻ ജ്യോതിറു അനാർക്കലി മരയ്ക്കാറുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
അസീസ് നെടുമങ്ങാട്, റിയാസ് നർമ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി  എന്നിവർ തിരക്കഥ രചിക്കുന്നു.വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെഞ്ചറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
 

What's Your Reaction?

like

dislike

love

funny

angry

sad

wow