മൂന്നാറിൽ ഷാജി കൈലാസിന്റെ ‘വരവ്’ ചിത്രീകരണം ആരംഭിച്ചു

വൻ താരനിരയോടും വലിയ മുതൽമുടക്കോടും കൂടി എത്തുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു.

Sep 9, 2025 - 22:45
 0
മൂന്നാറിൽ ഷാജി കൈലാസിന്റെ ‘വരവ്’ ചിത്രീകരണം ആരംഭിച്ചു

മൂന്നാർ: പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വരവ്’ യുടെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ജോജു ജോർജാണ് ചിത്രത്തിലെ നായകൻ. സെപ്റ്റംബർ 9-ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഔപചാരികമായി ആരംഭിച്ചു.

ഓൾഗാ പ്രൊഡക്ഷൻസ് ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്. വൻ താരനിരയോടും വലിയ മുതൽമുടക്കോടും കൂടി എത്തുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു.

ചിത്രത്തിന് ആക്ഷനാണ് ഏറ്റവും വലിയ പ്രാധാന്യം നൽകിയിരിക്കുന്നത്. അര ഡസനോളം വരുന്ന ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ മുൻനിര ആക്ഷൻ കോറിയോഗ്രാഫർമാരായ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു.

ജീവിതപോരാട്ടത്തിലൂടെ ആവശ്യത്തിലധികം നേടി മുന്നേറിയ ‘പോളി’ എന്ന കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിർണായക ഘട്ടത്തിൽ വീണ്ടും അരങ്ങേറുന്ന ഒരു ‘വരവിലൂടെ’ പോളച്ചന്റെ ജീവിതത്തിൽ നടക്കുന്ന സംഘർഷങ്ങളാണ് കഥയുടെ പ്രമേയം. ജനകീയ സ്വഭാവമുള്ള ഈ കഥാപാത്രത്തെ പ്രേക്ഷകർ വേഗത്തിൽ ഏറ്റെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഷാജി കൈലാസ്.

മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൾ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

എ.കെ. സാജൻ ആണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം എസ്. ശരവണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷ്, സ്റ്റിൽസ് ഹരി തിരുമല എന്നിവരുടെ സംഭാവനകളാണ് ചിത്രത്തിന് പിന്നിൽ.

സ്യമന്തക് പ്രദീപ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ശിവൻ പൂജപ്പുര, അനിൽ അൻഷാദ് (പ്രൊഡക്ഷൻ മാനേജർമാർ), പ്രതാപൻ കല്ലിയൂർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), വിനോദ് മംഗലത്ത് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരും സംഘത്തിലുണ്ട്. പി.ആർ.ഒ- വാഴൂർ ജോസ്.

മൂന്നാർ, മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow