നിറത്തിന്‍റെ പേരില്‍ മണിയെ അവഹേളിച്ചത് ദിവ്യ ഉണ്ണി അല്ല, മറ്റൊരു നടി; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി വിനയന്‍
മണിയുടെ നിറമാണ് നടിയുടെ പ്രശ്നമെന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു

വർഷങ്ങളായി സിനിമാസ്വാദകർക്കിടയിൽ നിലനിന്നിരുന്ന ഒരു ചർച്ചാവിഷയമാണ് കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ ദിവ്യ ഉണ്ണി വിസമ്മതിച്ചു എന്ന ഗോസിപ്പ്. മണിയുടെ നിറമാണ് നടിയുടെ പ്രശ്നമെന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ആരോപണങ്ങളിൽ സത്യമെന്താണെന്ന് സംവിധായകൻ വിനയൻ ഇപ്പോൾ വ്യക്തമാക്കുകയാണ്.
വിനയൻ സംവിധാനം ചെയ്ത 'കല്യാണ സൗഗന്ധികം', 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് ഈ ആരോപണങ്ങൾ പ്രചരിച്ചത്. 'കല്യാണ സൗഗന്ധികം' സിനിമയുമായി ബന്ധപ്പെട്ട് വിനയൻ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന കമന്റിനാണ് അദ്ദേഹം മറുപടി നൽകിയത്:
കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലവ് സീനുള്ള ഒരു പാട്ട് എടുക്കാൻ പോവുകയാണെന്ന് അസിസ്റ്റൻ്റ് ഡയറക്ടർ പറഞ്ഞപ്പോൾ, "ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല, എൻ്റെ ഹീറോ ദിലീപ് ചേട്ടനാണ്" എന്ന് ദിവ്യ പറഞ്ഞിരുന്നു. മണി ഒരഭിമുഖത്തിൽ തമാശയായി ഇക്കാര്യം പറഞ്ഞത് ശരിയായിരുന്നു.
എന്നാൽ, ദിലീപിന്റെ നായികയാകാൻ സിനിമയിൽ എത്തിയ ഒരു പതിനാലുകാരിയുടെ സ്വപ്‌നം നിറഞ്ഞ ആകാംക്ഷയായി മാത്രമേ താൻ അതിനെ കണ്ടുള്ളൂ എന്ന് വിനയൻ പറയുന്നു. കാര്യം സൗമ്യതയോടെ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ ദിവ്യ ആ പാട്ട് രംഗത്തിൽ അഭിനയിക്കുകയും ചെയ്തു.
കലാഭവൻ മണിയുടെ നായികയാകാൻ ഒരു പ്രശസ്തയായ നടി വിസമ്മതിച്ചത് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിലാണ്. ആ നായികയുടെ പേര് താൻ ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ട് പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല.
വിനയൻ പറയുന്നത്, മണി തമാശയായി പറഞ്ഞ കാര്യവും, 'വാസന്തിയും ലക്ഷ്മിയും' എന്ന സിനിമയിലേക്ക് നായികയെ അന്വേഷിച്ചപ്പോൾ തനിക്കുണ്ടായ അനുഭവവും ചിലർ കൂട്ടിച്ചേർത്ത് എഴുതിയപ്പോഴാണ് ആ ആരോപണം മുഴുവൻ ദിവ്യ ഉണ്ണിയിലേക്ക് വന്നത്.
'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം താൻ സൂചിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിൻ്റെ സത്യം എല്ലാവരും അറിയാൻ വേണ്ടിയാണ് ഇത്രയും എഴുതിയതെന്നും വിനയൻ കൂട്ടിച്ചേർത്തു.
What's Your Reaction?






