കാനഡയിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവെച്ചു: ഒരാഴ്ചക്കിടെ രണ്ട് ആക്രമണം
ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തിയറ്ററിന് നേരെ തീവെപ്പും വെടിവെപ്പും ഉണ്ടായതെന്ന് തിയറ്റർ ഉടമകൾ സംശയം പ്രകടിപ്പിച്ചു

ഒട്ടാവ: ഒരാഴ്ചക്കിടെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് കാനഡയിലെ ഒരു തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചു. ഒൻ്റാറിയോ പ്രവിശ്യയിലെ ഓക്ക്‌വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ് ഈ നടപടി സ്വീകരിച്ചത്.
ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തിയറ്ററിന് നേരെ തീവെപ്പും വെടിവെപ്പും ഉണ്ടായതെന്ന് തിയറ്റർ ഉടമകൾ സംശയം പ്രകടിപ്പിച്ചു. സെപ്തംബർ 25-നാണ് ആദ്യത്തെ സംഭവം നടന്നത്. രണ്ട് പേർ തിയറ്ററിൻ്റെ പ്രവേശന കവാടത്തിൽ തീവെക്കാൻ ശ്രമിച്ചു.
തീ പടരാതിരുന്നതിനാൽ ആളപായം ഒഴിവായി. ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ഹാൽട്ടൺ റീജിയണൽ പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഒരു തവിട്ട് നിറത്തിലുള്ള എസ്‌യുവി പാർക്കിങ് സ്ഥലത്ത് പലതവണ കറങ്ങുന്നതും, അതിനുശേഷം ഒരു വെളുത്ത കാറിൽ വന്ന യുവാക്കൾ എന്തോ ദ്രാവകം ഒഴിച്ച് തീകൊളുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് പോകുന്നതിൻ്റെ ദൃശ്യങ്ങളും ലഭിച്ചു. ഈ സമയത്ത് പവൻ കല്യാണിന്റെ 'ഒജി' എന്ന ചിത്രമാണ് തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നത്.
ഒരാഴ്ചക്ക് ശേഷം വെടിവെപ്പും നടന്നതിനെ തുടർന്നാണ് തിയറ്റർ അധികൃതർ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്താൻ തീരുമാനിച്ചത്. (വെടിവെപ്പ് നടന്നതിൻ്റെ തീയതി വ്യക്തമല്ല.) ഈ സംഭവങ്ങളെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
What's Your Reaction?






