കാബൂൾ: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന. ഒക്റ്റോബർ 10 മുതൽ അദ്ദേഹം ഇന്ത‍്യ സന്ദർശിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. കഴിഞ്ഞ മാസം ഖാൻ മുത്തഖി ന‍്യൂഡൽഹി സന്ദർശിക്കാനൊരുങ്ങിയിരുന്നു. എന്നാൽ ഐക‍്യരാഷ്ട്രസഭാ സുരക്ഷാ സമിതി ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം യാത്രാ വിലക്ക് നേരിടുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.
ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഉപരോധം നേരിടുന്ന വ്യക്തിയാണ് അമീര്‍ ഖാന്‍ മുത്തഖി. അഫ്ഗാൻ വിദേശ ബന്ധങ്ങൾ ശക്തിപ്പെടുത്താനും പാകിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കാനും തയ്യാറാണെന്നതിന്‍റെ സൂചനയാണ് മുത്തഖിയുടെ ഇന്ത്യാ സന്ദർശനമെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു.