ട്രാൻസ്‌ജെൻഡർ ബിൽ ലോക്‌സഭ പാസാക്കി; ലിംഗമാറ്റത്തിന് ഇനി മെഡിക്കൽ ബോർഡ് പരിശോധന നിർബന്ധം
പുതിയ ബിൽ അനുസരിച്ച് ട്രാൻസ്‌ജെൻഡർ എന്ന പദവിക്കായി വ്യക്തിപരമായ താൽപ്പര്യമോ സ്വയം പ്രഖ്യാപനമോ മാത്രം മതിയാകില്ല
ന്യൂഡൽഹി: രാജ്യത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ നിർവചനത്തിലും ആനുകൂല്യങ്ങളിലും നിർണ്ണായക മാറ്റങ്ങൾ വരുത്തുന്ന ട്രാൻസ്‌ജെൻഡർ ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ ലോക്‌സഭ പാസാക്കി. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ സഭയിൽ വ്യക്തമാക്കി.
പുതിയ ബിൽ അനുസരിച്ച് ട്രാൻസ്‌ജെൻഡർ എന്ന പദവിക്കായി വ്യക്തിപരമായ താൽപ്പര്യമോ സ്വയം പ്രഖ്യാപനമോ മാത്രം മതിയാകില്ല. പകരം ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനി ഔദ്യോഗികമായി ഈ പദവി നൽകുക.
ജനിതകവും ശാരീരികവുമായ വ്യത്യാസങ്ങളുള്ളവരെയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിന്നർ, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സ്വത്വമുള്ളവർക്കും അന്തർലിംഗ വ്യതിയാനങ്ങളുള്ളവർക്കും മാത്രമായിരിക്കും ഇനി ട്രാൻസ്‌ജെൻഡർ പദവി ലഭിക്കുക.
വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനായി ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഈ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റുമാരായിരിക്കും തിരിച്ചറിയൽ കാർഡുകൾ അനുവദിക്കുക.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. കോൺഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി തുടങ്ങിയ കക്ഷികൾ ബില്ലിനെ നിയമസഭയിൽ ശക്തമായി എതിർത്തു. പ്രതിപക്ഷം ഉന്നയിച്ച പ്രധാന കാര്യങ്ങൾ ഇവയാണ്:
സ്വന്തം ലിംഗപദവി നിർണ്ണയിക്കാനുള്ള വ്യക്തിയുടെ അവകാശം തടയുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മെഡിക്കൽ ബോർഡ് പരിശോധന വ്യക്തികളുടെ അന്തസ്സിന് വിരുദ്ധമാണെന്നും ഇത് കൂടുതൽ വിവേചനത്തിന് വഴിതെളിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ബില്ലിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഇത് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
What's Your Reaction?