'ദൈവത്തോട് എനിക്ക് ഭയമല്ല, പ്രേമം'; ആത്മീയതയെയും ജീവിതത്തെയും കുറിച്ച് മോഹൻലാൽ
ജീവിതത്തിലെ തിരിച്ചറിവുകൾക്കിടയിലും താൻ ഒരു സാധാരണ മനുഷ്യനാണെന്നും വികാരങ്ങളെ പൂർണ്ണമായും മറയ്ക്കാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു
കൊച്ചി: തന്റെ ആത്മീയ കാഴ്ചപ്പാടുകളെക്കുറിച്ചും ജീവിതത്തിലെ വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടൻ മോഹൻലാൽ. ദൈവത്തോടുള്ള തന്റെ സമീപനം ഭയമല്ല, മറിച്ച് പ്രേമമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ജീവിതത്തിലെ തിരിച്ചറിവുകൾക്കിടയിലും താൻ ഒരു സാധാരണ മനുഷ്യനാണെന്നും വികാരങ്ങളെ പൂർണ്ണമായും മറയ്ക്കാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു. ദൈവത്തെ താൻ ഭയപ്പെടുന്നില്ലെന്നും പ്രേമത്തോടെയാണ് കാണുന്നതെന്നും മോഹൻലാൽ പറഞ്ഞു. "സപ്രേമരൂപാ എന്നാണ് പറയാറുള്ളത്. ഭയപ്പെടുന്ന ഒരാളെ നമുക്ക് പ്രണയിക്കാൻ സാധിക്കില്ലല്ലോ," അദ്ദേഹം വിശദീകരിച്ചു.
നിലവിൽ പ്രാർത്ഥനയേക്കാൾ കൂടുതൽ ധ്യാനത്തിനാണ് താൻ പ്രാധാന്യം നൽകുന്നത്. ബോധത്തിന്റെ വികാസത്തിനനുസരിച്ച് ദൈവ സങ്കൽപ്പങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നും ഇപ്പോൾ ധ്യാനത്തിലേക്ക് പോകുന്ന അനുഭവമാണ് തനിക്ക് കൂടുതലായി ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും വേർപാടിൽ വലിയ ദുഃഖമുണ്ടെങ്കിലും ഒരിക്കലും ഒറ്റപ്പെട്ടതായി തോന്നിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. "അവർ വിട്ടുപോയെന്നൊരു തോന്നൽ എനിക്ക് പലപ്പോഴും ഉണ്ടാകാറില്ല. കണ്ണടച്ചാൽ അവർ ഉള്ളിലുണ്ട്. തൊടാനോ കാണാനോ പറ്റുന്നില്ല എന്ന് മാത്രം," ഇത് പ്രപഞ്ച നിയമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയ സിനിമകൾ കാണുമ്പോൾ അതിൽ കൂടെ അഭിനയിച്ച പലരും ഇന്ന് കൂടെയില്ലാത്തതിൽ സങ്കടം തോന്നാറുണ്ട്. നാളെ താനും മറയും എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ടെന്നും താരം പറഞ്ഞു. ലോകത്ത് എത്ര ഫിലോസഫികളുണ്ടെങ്കിലും മനുഷ്യൻ കരയുന്നത് നിർത്തുന്നില്ല. ചിലപ്പോഴൊക്കെ തത്വചിന്തകൾക്ക് മീതെയാണ് കണ്ണീർ വരുന്നത്. വികാരങ്ങൾ അടക്കിവെക്കാൻ കഴിയാത്ത ഒരു സാധാരണ മനുഷ്യനാണ് താനെന്നും മോഹൻലാൽ തുറന്നു പറഞ്ഞു.
What's Your Reaction?