മെഡിക്കൽ കോളേജിൽ വീണ്ടും വിവാദം; രോഗിയുടെ കാലിൽ പുഴുവരിച്ചതായി ആരോപണം

Jun 2, 2026 - 05:26
Jun 2, 2026 - 05:26
 0
മെഡിക്കൽ കോളേജിൽ വീണ്ടും വിവാദം; രോഗിയുടെ കാലിൽ പുഴുവരിച്ചതായി ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ വീഴ്ച ആരോപണം. ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ചതായി ബന്ധുക്കൾ പരാതി ഉന്നയിച്ചു. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിന്റെ കാലിലാണ് സംഭവം ഉണ്ടായതെന്നാണ് ആരോപണം.

അപകടത്തിൽ കാലിന് പൊട്ടലേറ്റതിനെ തുടർന്ന് മെയ് 28നാണ് രാജേന്ദ്ര പ്രസാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുകയായിരുന്ന അദ്ദേഹത്തെ ഇന്ന് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് കാലിൽ പുഴുവരിച്ചതായി കൂടെയുണ്ടായിരുന്നവർ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്നും ബന്ധപ്പെട്ടവർക്കെതിരെ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മറ്റൊരു മരണവും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. കൊല്ലം പേരയം സ്വദേശി വിൽഫ്രഡ് (62) ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീണ് മരിച്ചെന്നാണ് പരാതി. മഞ്ഞപ്പിത്തത്തെ തുടർന്ന് അഞ്ചാം വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്ന വിൽഫ്രഡ് കട്ടിലിൽ നിന്ന് വീണതിന് പിന്നാലെ ഗുരുതരാവസ്ഥയിലാവുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.

രോഗം കരളിനെയും തലച്ചോറിനെയും ബാധിച്ചതിനാൽ വിൽഫ്രഡിന് പെരുമാറ്റ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായി ഉയരുന്ന പരാതികൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളെ വീണ്ടും ചർച്ചയാക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow