കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആന്റ് ഇന്നൊവേഷ൯:ധാരണാപത്രമായി

മന്ത്രി ആർ.ബിന്ദുവിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി

Jan 22, 2025 - 16:53
Jan 25, 2025 - 15:05
 0  4
കേരള ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ  സയൻസ്, ടെക്നോളജി  ആന്റ്  ഇന്നൊവേഷ൯:ധാരണാപത്രമായി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി സര്‍വകലാശാലയിൽ സ്ഥാപിക്കുന്ന സെന്റർ ഓഫ് എക്‌സലന്‍സിന്റെ ധാരണാപത്രം കൈമാറി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ, മന്ത്രിയുടെ നിയമസഭാ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും, എം.ജി സര്‍വ്വകലാശാലയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.  

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തിൽ എത്തിക്കാൻ സ്ഥാപിക്കുന്ന ഏഴ് മികവിന്റെ  കേന്ദ്രങ്ങളിൽ ഒന്നാണിതെന്ന് മന്ത്രി പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍റ് ഇന്നവേഷന്‍ (KISTI) എന്ന പേരിലാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും കേരളത്തിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സംരംഭമായാണ്  ഈ കേന്ദ്രത്തെ വിഭാവനം ചെയ്തിരിക്കുന്നത്. 

വിപുലമായ ശാസ്ത്രഗവേഷണത്തിനുള്ള പ്രധാന അന്തർദേശീയ കേന്ദ്രം ഇവിടെ വികസിപ്പിക്കുകയാണ്. സുസ്ഥിര ഇന്ധനങ്ങൾ, മാലിന്യ സംസ്‌കരണം, നാനോ ടെക്‌നോളജി, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, സിസ്റ്റംസ് ബയോളജി, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, എനർജി എഞ്ചിനീയറിംഗ് തുടങ്ങി സമകാലീന വിഷയമേഖലകളിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ഗവേഷകസമൂഹത്തെ സൃഷ്ടിക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇവിടെ നടക്കുമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. 

ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ പ്രതിനിധീകരിച്ച് വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി  പ്രൊഫ. രാജൻ വർഗീസ്, തുടങ്ങിയവ൪ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow