എറണാകുളം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവറായ ജെയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ ഗതാഗത വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് നടപടി. ഹർജിക്കാരനായ ജെയ്‌മോൻ ജോസഫിനെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നൽകി. ശിക്ഷാ നടപടിയുടെ സ്വഭാവത്തിൽ വരുന്നതാണ് ഡ്രൈവറുടെ സ്ഥലം മാറ്റമെന്നാണ് കെ എസ് ആർ ടി സി പറഞ്ഞത്.
ദീർഘദൂരം കുടിവെള്ളം ബസിൽ സൂക്ഷിക്കുന്നത് അത‍്യാവശ‍്യമാണെന്നു പറഞ്ഞ കോടതി അത് തെറ്റായി കണക്കാക്കാൻ സാധിക്കില്ലെന്ന് വ‍്യക്തമാക്കി. പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവർ ജയ്മോൻ ജോസഫിന്റെ ആവശ്യം.