ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം. ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഴയിലും മിന്നൽ പ്രളയത്തിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കത്വയിലെ ഒരു വിദൂര ഗ്രാമത്തിലാണ് മേഘവിസ്ഫോടനം നടന്നത്. മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം. ഗ്രാമത്തിലേക്കുള്ള പ്രവേശനം ദുഷ്കരമാണ്. രക്ഷപ്രവർത്തനത്തിനായി പോലീസിന്‍റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംയുക്ത സംഘം സ്ഥലത്തെത്തി.
ഹിമാചൽ പ്രദേശിലും സ്ഥിതി രൂക്ഷമാണ്. അതിശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്നിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ റെയിൽവേ ട്രാക്കിനും ദേശീയ പാതയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.