ഡൽഹി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. പ്രവീൺ സോണി എന്ന ഡോക്ടറാണ് അറസ്റ്റിലായത്. ഈ ഡോക്ടർ നിരവധി കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് നിർദേശിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഈ ഡോക്ടറാണ് കോൾഡ്രിഫ് കഫ് സിറപ്പ് നിർദേശിച്ചത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. സിറപ്പിൽ മായം കലർന്നിട്ടുണ്ടെന്ന് സംശയിക്കുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സിറപ്പിൽ 48.6 ശതമാനം ബ്രേക്ക് ഓയിൽ അടങ്ങിയെന്നായിരുന്നു കണ്ടെത്തൽ.
ചിന്ദ്വാര ജില്ലയിലെ പരാസിയ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ടിഒഐ റിപ്പോർട്ട് കൂട്ടിച്ചേർത്തു. മധ്യപ്രദേശ് സര്‍ക്കാര്‍ കോള്‍ഡ്രിഫ് മരുന്നുകളുടെ വില്‍പ്പനയ്‌ക്കൊപ്പം കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി.