നൊമ്പരമായി ശ്രീനന്ദ ;കൊക്കയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസമാണ് ദുരന്തവാർത്ത പുറത്തുവരുന്നത്. ബാബാ ബുധാൻഗിരിക്ക് താഴെയുള്ള ഹർഷന ഗുപ്പ എന്ന സ്ഥലത്ത് ഏതാണ്ട് 1500 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്. തുടർന്ന് പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുർഘടമായ മലനിരകളായതിനാൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ നടത്തിയത്.പെൺകുട്ടി വെള്ളച്ചാട്ടത്തിൽ വീണതാകാമെന്ന ആദ്യകാല സംശയങ്ങൾ പരിശോധനയ്ക്ക് ശേഷം പൊലീസ് തള്ളിയിരുന്നു.
കടമ്പഴിപ്പുറത്ത് നിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ വിനോദയാത്രയ്ക്ക് എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മറ്റ് രണ്ട് കുട്ടികൾക്കൊപ്പം ശ്രീനന്ദ വ്യൂ പോയിന്റിൽ വെച്ച് ഫോട്ടോ എടുത്തിരുന്നു. സംഘം മലയിറങ്ങാൻ തുടങ്ങിയപ്പോഴാണ് ശ്രീനന്ദ കൂടെയില്ലെന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. പെൺകുട്ടിയെ കണ്ടെത്താനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥലത്ത് തുടരുകയായിരുന്നു.
പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പർവത മേഖലയിലുൾപ്പെടുന്ന ബാബാ ബുധാൻഗിരിയിലെ കുത്തനെയുള്ള കൊക്കയിലേക്കാണ് പെൺകുട്ടി വീണതെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?



