കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി;വ്യത്യസ്ത ഡി.എ നിരക്കുകള്‍ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത (DA) നിരക്കുകൾ നിശ്ചയിച്ച കെ.എസ്.ആർ.ടി.സിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇത്തരം വേർതിരിവ് ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ വിധിയിലൂടെ കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുക്കുമ്പോൾ വിരമിച്ചവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും രണ്ട് നീതി പാടില്ലെന്ന് കോടതി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയും നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി.
ക്ഷാമബത്ത വിതരണം നയപരമായ തീരുമാനമാണെന്നും അതിൽ കെ.എസ്.ആർ.ടി.സിക്ക് സ്വതന്ത്രമായ അധികാരമുണ്ടെന്നുമുള്ള സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
വിരമിച്ചവർക്ക് ഉയർന്ന ഡി.എ നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് കോർപ്പറേഷൻ വാദിച്ചു. സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും നീക്കം വിവേചനപരമാണെന്ന് യൂണിയനുകൾ വാദിച്ചു. യൂണിയനുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ഹാജരായി.
What's Your Reaction?