'വെര്‍ച്വല്‍ അറസ്റ്റ്' വീണ്ടും; വൃദ്ധ ദമ്പതിമാർക്ക് നഷ്ടമായത് 1.40 കോടി രൂപ
മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ ദമ്പതിമാരിലെ ഭാര്യയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചതാണ് തട്ടിപ്പിന് തുടക്കം
പത്തനംതിട്ട: സംസ്ഥാനത്ത് 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് വീണ്ടും സജീവമായി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാർക്ക് ഈ തട്ടിപ്പിലൂടെ 1.40 കോടി രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടമായത്.
മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ ദമ്പതിമാരിലെ ഭാര്യയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചതാണ് തട്ടിപ്പിന് തുടക്കം. കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ അവരുടെ മൊബൈൽ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
ഇതിൻ്റെ ഭാഗമായി അക്കൗണ്ടിലെ പണം റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കായി ഒരു പ്രത്യേക അക്കൗണ്ടിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. പരിശോധന പൂർത്തിയായാൽ പണം തിരികെ നൽകുമെന്നും വിശ്വസിപ്പിച്ചു.
ഈ നിർദ്ദേശത്തിൽ വിശ്വസിച്ച് വയോധിക തൻ്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. തുടർന്ന് ഭർത്താവിൻ്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും ഇതേ രീതിയിൽ നൽകി. ആകെ 1.40 കോടി രൂപയാണ് ദമ്പതിമാർക്ക് നഷ്ടമായത്.
പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായി എന്ന് ദമ്പതിമാർക്ക് ബോധ്യപ്പെട്ടത്. തുടർന്ന് ബന്ധു മുഖേന ഇവർ പോലീസിനെ സമീപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?

