'മൃതദേഹം മാറിപ്പോയി', ആരോപണവുമായി അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച യു.കെ. പൗരന്മാരുടെ കുടുംബം
രണ്ട് കുടുംബങ്ങളാണ് ഇത്തരത്തില്‍ ആരോപണമുന്നയിച്ചത്

ന്യൂഡല്‍ഹി: മൃതദേഹം മാറിപ്പോയെന്ന ആരോപണവുമായി അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. രണ്ട് കുടുംബങ്ങളാണ് ഇത്തരത്തില്‍ ആരോപണമുന്നയിച്ചത്.
വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്. ഇതില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതായാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. യു.കെയില്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ലഭിച്ചിരിക്കുന്ന മൃതദേഹം മറ്റാരുടേതോ ആണെന്നും കുടുംബം പറയുന്നു.
കുടുംബങ്ങള്‍ക്കുവേണ്ടി ജയിംസ് ഹീലി എന്ന അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. യു.കെ മാധ്യമമായ ഡെയ്ലി മെയിലിനോടാണ് അഭിഭാഷകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ലണ്ടനില്‍ വീണ്ടും ഡിഎന്‍എ പരിശോധന നടത്തിയതോടെയാണ് പൊരുത്തക്കേടുകള്‍ വെളിച്ചത്തുവന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇന്ത്യയില്‍വെച്ച് നടത്തിയ പരിശോധനയില്‍ മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതില്‍ പിഴവുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന്, ഇവരില്‍ ഒരാളുടെ കുടുംബം സംസ്‌കാരച്ചടങ്ങുകള്‍ റദ്ദാക്കിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ 12-ന് അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് യാത്രക്കാരടക്കം 260 പേര്‍ കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂ അംഗങ്ങളുമടക്കം 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
What's Your Reaction?






