തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി; ട്രാക്കില്‍ വിള്ളല്‍?
റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്

തിരുവള്ളൂർ: തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അപകടകാരണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു.
തമിഴ്നാട് തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ കത്തി നശിച്ചു. തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതോടെ രണ്ട് കിലോമീറ്റർ പരിസരത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽപ്പെട്ട ട്രെയിനിലെ തീ 70 ശതമാനത്തോളം നിയന്ത്രിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ട്രെയിനിൽ 27,000 ലിറ്റർ ഡീസൽ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?






