മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി; വിഷം കൊടുത്ത് കൊന്നു, പിന്നാലെ ആത്മഹത്യ; നടുക്കം
കലാധരനെയും മാതാവ് ഉഷയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
പയ്യന്നൂർ (കണ്ണൂർ): രാമന്തളിയിൽ രണ്ടു കുഞ്ഞുങ്ങളും അച്ഛനും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നത്തെത്തുടർന്നുള്ള കോടതി വിധിയും അതിനു പിന്നാലെയുണ്ടായ മാനസിക വിഷമവുമാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കലാധരൻ (36) പാചകത്തൊഴിലാളി, ഉഷ (56) കലാധരന്റെ മാതാവ്, ഹിമ (6) കലാധരന്റെ മകൾ, കണ്ണൻ (2) കലാധരന്റെ മകൻ എന്നിവരാണ് മരിച്ചത്.
കലാധരനെയും മാതാവ് ഉഷയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മുതിർന്നവർ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
കലാധരനും ഭാര്യയും തമ്മിൽ കുടുംബക്കോടതിയിൽ കേസ് നിലവിലുണ്ടായിരുന്നു. കുട്ടികളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധിക്കുകയും ഇന്നലെ രാത്രി പോലീസ് വിളിച്ച് കുട്ടികളെ ഇന്ന് വിട്ടുകൊടുക്കണമെന്ന് കലാധരന്റെ പിതാവ് ഉണ്ണിക്കൃഷ്ണനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താകാം ഇവർ ജീവനൊടുക്കിയത് എന്ന് കരുതപ്പെടുന്നു.
ഓട്ടോ ഡ്രൈവറായ ഉണ്ണിക്കൃഷ്ണൻ ജോലി കഴിഞ്ഞ് രാത്രി ഒൻപത് മണിയോടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. സിറ്റൗട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ അദ്ദേഹം ഉടൻ തന്നെ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാളിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
What's Your Reaction?

