വേനൽച്ചൂട്: സംസ്ഥാനത്ത് പകല്‍ ജോലി സമയത്തിൽ മാറ്റം 

Feb 11, 2025 - 15:39
Feb 12, 2025 - 10:34
 0  7
വേനൽച്ചൂട്: സംസ്ഥാനത്ത് പകല്‍ ജോലി സമയത്തിൽ മാറ്റം 

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി സമയത്തിൽ പുനഃക്രമീകരണം. പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജോലി സമയം പുനഃക്രമീകരിക്കുന്നത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ മാറ്റിയിട്ടുണ്ട്. സൂര്യാഘാതസാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം.   

രാവിലെ 7  മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരിക്കുന്നതെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു.
 
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു. 
സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow