അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളി; നടി രന്യ റാവുവില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തത് ദേഹത്ത് ധരിച്ചിരുന്ന ബെല്‍റ്റിലും മറ്റ് ശരീരഭാഗങ്ങളിലും നിന്ന്

പിടിച്ചെടുത്ത സ്വര്‍ണത്തിന് നിലവില്‍ 12 കോടിയോളം രൂപ വില വരും.

Mar 5, 2025 - 21:37
Mar 5, 2025 - 21:38
 0  2
അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളി; നടി രന്യ റാവുവില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തത് ദേഹത്ത് ധരിച്ചിരുന്ന ബെല്‍റ്റിലും മറ്റ് ശരീരഭാഗങ്ങളിലും നിന്ന്

ബെംഗളൂരു: ഡിആർഐ സൂക്ഷ്മമായി ഒരുക്കിയ തിരക്കഥയിൽ കുടുങ്ങി തെന്നിന്ത്യൻ താരസുന്ദരി രന്യ റാവു. പതിനഞ്ച് ദിവസത്തിനുള്ളിൽ നാല് ദുബായ് യാത്ര നടത്തിയപ്പോൾ തന്നെ രന്യ അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരുന്നു. ആഡംബര ജീവിതത്തിനിടയിൽ നടത്തിയ വെട്ടിപ്പിൽ ഇങ്ങനെയൊരു ട്വിസ്റ്റ് രന്യ പ്രതീക്ഷിച്ചുകാണില്ല. 14.8 കിലോ സ്വർണമാണ് രന്യയിൽ നിന്ന് ഡിആർഐ പിടിച്ചെടുത്തത്. പരിശോധനയില്‍ ദേഹത്ത് ധരിച്ചിരുന്ന ബെല്‍റ്റിലും മറ്റ് ശരീരഭാഗങ്ങളിലുമാണ് രന്യ സ്വര്‍ണം ഒളിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിടിച്ചെടുത്ത സ്വര്‍ണത്തിന് നിലവില്‍ 12 കോടിയോളം രൂപ വില വരും.

കർണാടകയിലെ ചിക്കമംഗലുരുവാണ് രന്യ റാവുവിന്റെ സ്വദേശം. പഠനത്തിൽ മിടുക്കിയായിരുന്ന രന്യ ബെംഗളൂരുവിലെ ദയാനാഥ് സാഗർ എൻജിനീയറിങ് കോളജിൽ നിന്നാണ്  ബിരുദം നേടിയത്. 2014ലാ‍ണ് രന്യ സിനിമയിലെത്തുന്നത്. ‘മാണിക്യ’ എന്ന ചിത്രത്തിൽ കന്നഡ താരം കിച്ച സുദീപയുടെ നായികയായായിരുന്നു ബിഗ് സ്ക്രീനിൽ രന്യയുടെ അരങ്ങേറ്റം. മാണിക്യയിലെ രന്യയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. തുടർന്ന് ‘വാഗ’ എന്ന ചിത്രത്തിലൂടെ രന്യ തമിഴിലും സാന്നിധ്യമറിയിച്ചു. പക്ഷേ, ഈ ചിത്രം തമിഴ് സിനിമാലോകത്ത് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.

കര്‍ണാടക ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റെ മകളാണെന്നാണ് രന്യയുടെ അവകാശ വാദം. അതുകൊണ്ട് തന്നെ കേസില്‍ പിതാവിന്റെ സ്വാധീനം ഉപയോഗിച്ചിരുന്നോ എന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. രന്യയുടെ ബെംഗളൂരുവിലെ വീട്ടിൽ നടത്തിയ പരിശോധനയിലും 2.6 കോടിയുടെ സ്വർണവും അനധികൃതമായി സൂക്ഷിച്ച 2.67 കോടി രൂപയും കണ്ടെടുത്തു. ഭീഷണിയെ തുടർന്നാണ് സ്വർണം കടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ രന്യ പറഞ്ഞത്. 

സാധാരണ രീതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായതിനാല്‍ വിമാനത്താവളത്തില്‍ എത്തുന്ന രന്യക്ക് സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയുണ്ടാകാറുണ്ട്. ചില സമയങ്ങളില്‍ സര്‍ക്കാര്‍ വാഹനത്തിലാണ് രന്യ വിമാനത്താവളത്തില്‍നിന്ന് മടങ്ങാറുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് റാക്കറ്റുകള്‍ സജീവമായതിനാല്‍ ഇവരുമായി രന്യയ്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow