അഫാന് ദിവസവും 10,000 രൂപയോളം കടക്കെണി; നിര്‍ണായക വിവരങ്ങള്‍ പുറത്ത് 

Mar 5, 2025 - 22:00
Mar 5, 2025 - 22:02
 0  10
അഫാന് ദിവസവും 10,000 രൂപയോളം കടക്കെണി; നിര്‍ണായക വിവരങ്ങള്‍ പുറത്ത് 

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ദിവസവും 10,000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ കടക്കെണിയിലായിരുന്നു അഫാൻ എന്നാണ് കണ്ടെത്തൽ. പ്രതിദിന പിരിവ് അടിസ്ഥാനത്തിലായിരുന്നു വായ്പകളിൽ ഏറെയും. പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത് സ്വർണ്ണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷമാണ് അഫാൻ പലർക്കും ഗൂഗിൾ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി.

പണം കൊടുത്തതിൽ മാണിക്കൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കളക്ഷൻ ഏജന്റും  ഉൾപ്പെടുന്നു. കടബാധ്യത സംബന്ധിച്ച് അഫാന്റെ പിതാവും അഫാനും രണ്ട് മൊഴികൾ ആണ് പറയുന്നത്. അഫാന്റെ മൊഴിയും പിതാവ് അബ്ദുൽ റഹീം നൽകിയ വിവരങ്ങളും തമ്മിൽ ഉള്ള പൊരുത്തക്കേടിൽ ഇതുവരെയും ഒരു വ്യക്തത വരുത്താൻ  പോലീസിന് സാധിച്ചിട്ടില്ല.

പ്രതി അഫാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അഫാന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിലിലേക്കു മാറ്റിയത്. കഴിഞ്ഞ ഏഴു ദിവസമായി അഫാന്‍ ചികിത്സയിലായിരുന്നു. എട്ടാം ദിവസമാണ് ജയിലിലേക്കു മാറ്റുന്നത്. അഫാനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വെഞ്ഞാറമൂട് പൊലീസും പാങ്ങോടു പൊലീസും ഇനി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അഫാനെ കസ്റ്റഡിയില്‍ എടുത്തു തെളിവെടുപ്പു നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.  

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിനു കാരണമെന്നാണ് അഫാന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ആരൊക്കെയാണ് പണം നല്‍കിയത്. എന്തെക്കെ സാമ്പത്തിക ഇടപാടുകളാണ് കുടുംബം നടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow