കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നു.
ഭർത്താവിനും ഭർതൃപിതാവിനും എതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്. ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും അത് ഭർത്താവിനോട് പറഞ്ഞപ്പോൾ അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടിയൊന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
കാർ നൽകിയില്ല സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞ് കൊല്ലാക്കൊല ചെയ്യുകയായിരുന്നു.വിവാഹം ആഢംബരമായി നടത്തിയില്ലെന്ന് പറഞ്ഞാണ് പീഡനം തുടങ്ങിയത്. സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ പിഡിപ്പിച്ചുവെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. മാത്രമല്ല പെൺകുട്ടി ജനിച്ചതിന് ശേഷം വിവാഹമോചനം ആവശ്യപ്പെടാൻ തുടങ്ങിയതെന്നും വിപഞ്ചിക ആത്മഹത്യ കുറിപ്പിൽ പറയുന്നു
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അൽ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ ഭർതൃപീഡനത്തെ തുടർന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്‌തതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
മകൾക്ക് നീതി കിട്ടണമെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് കുടുംബം പരാതി നൽകി. അതേസമയം ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ നീളും. നടപടികൾ തിങ്കളാഴ്ച്ചയോടെ പൂർത്തിയാക്കാനാണ് ശ്രമം.