വാര്‍ദ്ധക്യകാല പരിചരണത്തിനായി ലക്ഷങ്ങള്‍ നല്‍കി, പണവുമായി ഉടമ വിദേശത്തേക്ക് കടന്നു, ദുരിതത്തിലായി വൃദ്ധസദനത്തിലെ അന്തേവാസികള്‍ 

Feb 11, 2025 - 16:23
Feb 12, 2025 - 10:34
 0  4
വാര്‍ദ്ധക്യകാല പരിചരണത്തിനായി ലക്ഷങ്ങള്‍ നല്‍കി, പണവുമായി ഉടമ വിദേശത്തേക്ക് കടന്നു, ദുരിതത്തിലായി വൃദ്ധസദനത്തിലെ അന്തേവാസികള്‍ 

തൊടുപുഴ: വാര്‍ദ്ധക്യകാല പരിചരണത്തിനായി ലക്ഷങ്ങള്‍ നല്‍കിയ വൃദ്ധസദനത്തിലെ ഉടമ മുങ്ങി. ഇതോടെ ദുരിതത്തിലായി തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധസദനമായ എൽഡർ ഗാർഡനിലെ അന്തേവാസികള്‍. പത്രപരസ്യം കണ്ടാണ് വൃദ്ധസദനത്തിലെ ഉടമയ്ക്ക് ഇവര്‍ ലക്ഷങ്ങള്‍ നല്‍കിയത്. നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും ദുരവസ്ഥയ്ക്ക് മാറ്റമോ മുടക്കിയ പണം തിരിച്ചുകിട്ടാനുളള നടപടിയോ ഉണ്ടായിട്ടില്ല. 

സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണെന്നും അന്തേവാസികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഉടമ ജീവൻ തോമസ് പറഞ്ഞു. തൊടുപുഴ സ്വദേശി തന്നെയായ ജീവൻ തോമസ് ആണ് വൃദ്ധസദനം തുടങ്ങിയത്. സാമൂഹ്യ നീതിവകുപ്പ് രജിസ്ട്രേഷൻ പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  സാമ്പത്തികമായി തക‍ർന്നതോടെ അയർലൻഡിലേക്ക് ജോലിയന്വേഷിച്ച് പോയെന്നും പണം കിട്ടുന്നതനുസരിച്ച് പ്രശ്നപരിഹാരം കാണുമെന്നുമാണ് ജീവന്‍ പറയുന്നത്. 

ജോലിയിൽനിന്ന് വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവനെടുത്താണ് കോഴിക്കോട് സ്വദേശിയായ കൊച്ചഗസ്തി മുതലക്കോടത്തെ വൃദ്ധസദനത്തിലെത്തിയത്. ഈ പണം മുഴുവന്‍ ഉടമയ്ക്ക് നല്‍കി. വൃദ്ധസദനത്തിലെത്തിയ ആദ്യനാളുകളിൽ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പതുക്കെ പ്രശ്നങ്ങൾ തുടങ്ങിയതായി കൊച്ചഗസ്തി പറഞ്ഞു. നടത്തിപ്പുകാരനായ ജീവൻ തോമസ് അയര്‍ലന്‍ഡിലേക്ക് കടന്നതോടെ അന്തേവാസികളുടെ ചികിത്സയും പരിചരണവുമൊക്കെ മുടങ്ങി. പലതവണയായി ജീവൻ വാങ്ങിയ 11 ലക്ഷം രൂപയെങ്കിലും തിരികെ കിട്ടിയാൽ മതിയെന്നാണ് കൊച്ചഗസ്തിയ്ക്ക് പറയാനുള്ളത്. 

മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികളാണ് എല്‍ഡര്‍ ഗാര്‍ഡനിലുള്ളത്. ഇവരെ  പരിചരിക്കാനായി ആകെ ഒരു ജീവനക്കാരി മാത്രവും. അടച്ചുറപ്പുളള ചുറ്റുമതിലോ സുരക്ഷാ ജീവനക്കാരനോ ഇല്ല. കയ്യിലുളള പണം മുടക്കി അവശരായ അന്തേവാസികൾ തന്നെയാണ് പാകം ചെയ്ത് കഴിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow