ഓഹരി വിപണിയിലെ സൈബർ തട്ടിപ്പുകൾ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി സെബി
വ്യാജ ട്രേഡിംഗ് ആപ്പുകൾ വഴിയുള്ള തട്ടിപ്പ് തടയാൻ അംഗീകൃത ബ്രോക്കർമാരുടെ ലിസ്റ്റ് തയ്യാറാക്കാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നിർദ്ദേശം നൽകി
ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതികവിദ്യ വളരുന്നതിനൊപ്പം സൈബർ തട്ടിപ്പുകളും വർധിക്കാൻ സാധ്യതയുണ്ടെന്നും നിക്ഷേപകർ അതീവ ജാഗ്രത പുലർത്തണമെന്നും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ മുന്നറിയിപ്പ് നൽകി. വിപണിയുടെ സുതാര്യതയിലും നിക്ഷേപകരുടെ സുരക്ഷയിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാജ ട്രേഡിംഗ് ആപ്പുകൾ വഴിയുള്ള തട്ടിപ്പ് തടയാൻ അംഗീകൃത ബ്രോക്കർമാരുടെ ലിസ്റ്റ് തയ്യാറാക്കാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നിർദ്ദേശം നൽകി. എക്‌സ്‌ചേഞ്ചുകളുടെ വെബ്‌സൈറ്റിലും സെബിയുടെ പോർട്ടലിലും നൽകിയിട്ടുള്ള ലിങ്കുകൾ വഴി മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
നിക്ഷേപകർ വാങ്ങുന്ന ഓഹരികൾ നിലവിൽ നേരിട്ട് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്കാണ് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. ഇത് സുരക്ഷ വർധിപ്പിക്കുന്നു. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിക്ഷേപകർക്ക് സ്വന്തം ട്രേഡിംഗ് അക്കൗണ്ടുകൾ ഉടനടി മരവിപ്പിക്കാനുള്ള (Freeze) സൗകര്യവും ലഭ്യമാണ്.
ഓഹരി വിപണിയുടെ അടിസ്ഥാനം നിക്ഷേപകരുടെ വിശ്വാസമാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. റീട്ടെയിൽ നിക്ഷേപകരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, സാമ്പത്തിക വിദ്യാഭ്യാസം നൽകുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ സംവിധാനങ്ങൾ സെബി തുടർച്ചയായി പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?