ബ്ലാസ്റ്റേഴ്‌സ് - ജി.സി.ഡി.എ തർക്കം പരിഹരിച്ചു; കൊച്ചിയിൽ നാളെ ഐ.എസ്.എൽ മത്സരം നിശ്ചയിച്ച പ്രകാരം നടക്കും

വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയിരുന്നു

Feb 21, 2026 - 21:52
Feb 21, 2026 - 21:52
 0
ബ്ലാസ്റ്റേഴ്‌സ് - ജി.സി.ഡി.എ തർക്കം പരിഹരിച്ചു; കൊച്ചിയിൽ നാളെ ഐ.എസ്.എൽ മത്സരം നിശ്ചയിച്ച പ്രകാരം നടക്കും

കൊച്ചി: വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റും ജി.സി.ഡി.എയും തമ്മിലുണ്ടായ അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. ഞായറാഴ്ച നടക്കേണ്ട ഐ.എസ്.എൽ മത്സരം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് തന്നെ നടക്കും. കുടിശ്ശിക അടയ്ക്കാൻ ബ്ലാസ്റ്റേഴ്‌സിന് ജി.സി.ഡി.എ സമയം അനുവദിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്.

വാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയിരുന്നു. സ്റ്റേഡിയത്തിനുള്ളിൽ ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളോട് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെടുകയും സാധനങ്ങൾ മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ പ്രസ് റൂം വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതോടെ പ്രീ-മാച്ച് വാർത്താസമ്മേളനം ഓൺലൈനായി നടത്തേണ്ടി വന്നു.

ബ്ലാസ്റ്റേഴ്‌സ് സിഇഒ അബീക് ചാറ്റർജിയും ക്ലബ് ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ധാരണയിലെത്തിയത്. ഒരാഴ്ചയ്ക്കകം കുടിശ്ശിക തുക പൂർണ്ണമായും അടയ്ക്കാമെന്ന് ബ്ലാസ്റ്റേഴ്‌സ് ഉറപ്പുനൽകി. ഇത് അംഗീകരിച്ച ജിസിഡിഎ സ്റ്റേഡിയം വിട്ടുനൽകാൻ സമ്മതിക്കുകയായിരുന്നു. സ്റ്റേഡിയം വിട്ടുനൽകാൻ അധികൃതർ തയ്യാറായതോടെ നാളത്തെ മത്സരത്തെ സംബന്ധിച്ചുള്ള ആരാധകരുടെ ആശങ്കകൾ അവസാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow