സർക്കാർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു; മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ബംഗളൂരു പോലീസ് പിടിയിൽ

ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ ഷീറ്റിൽ തങ്ങൾക്കു അറിയാവുന്ന ഉത്തരങ്ങൾ മാത്രം അടയാളപ്പെടുത്താനും ബാക്കിയുള്ള ഉത്തരങ്ങൾ ഗോവിന്ദരാജു പൂരിപ്പിക്കുമെന്നും ഉദ്യോഗാർത്ഥികളോട് നിർദ്ദേശിച്ചതായി പോലീസ് പറഞ്ഞു.

Dec 31, 2024 - 18:49
 0  3
സർക്കാർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു; മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ബംഗളൂരു പോലീസ് പിടിയിൽ

സർക്കാർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു; മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ബംഗളൂരു പോലീസ് പിടിയിൽ

ബംഗളൂരു: സർക്കാർ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചതിന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് തിങ്കളാഴ്ച അറിയിച്ചു. ബെംഗളൂരുവിലെ നാഗരഭാവിയിൽ താമസിക്കുന്ന സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ (എസ്‌.ഡബ്ല്യു.ആർ) ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറായ ഗോവിന്ദരാജു (49)നെയാണ് ബംഗളൂരു പോലീസ് പിടികൂടിയത്.

ഇത് തീർത്തും വഞ്ചനാപരമായ കേസാണെന്നും ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി പരീക്ഷ എഴുതാമെന്ന് വാഗ്ദാനം ചെയ്ത് ഗോവിന്ദരാജു പണം പിരിക്കുന്നതായി പരാതി ലഭിച്ചതായും ബെംഗളൂരു വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ് ഗിരീഷ് പറഞ്ഞു.

ഏതാനും ദിവസങ്ങളായി ഗോവിന്ദരാജു ഒളിവിലായിരുന്നുവെന്നും ഒടുവിൽ ഡിസംബർ 28 ന് രാത്രി 9:45 ഓടെ വിജയനഗര നാലാം ക്രോസിന് സമീപം യോഗ രമേശിൻ്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ  നാല് മൊബൈൽ ഫോണുകളുമായി ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്), പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർ (പി.ഡി.ഒ) തുടങ്ങിയ മത്സരപരീക്ഷകളുടെ ഉദ്യോഗാർത്ഥികളെ ലക്ഷ്യം വച്ചതായി ഗോവിന്ദരാജു സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. പി.ഡി.ഒ തസ്തികയ്ക്ക് 25 ലക്ഷം രൂപയും കെ.എ.എസ് പ്രിലിമിനറി പാസ്സാക്കിയതിന് 50 ലക്ഷം രൂപയും ഈടാക്കിയെന്നാണ് ആരോപണം.

ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ ഷീറ്റിൽ തങ്ങൾക്കു അറിയാവുന്ന ഉത്തരങ്ങൾ മാത്രം അടയാളപ്പെടുത്താനും ബാക്കിയുള്ള ഉത്തരങ്ങൾ ഗോവിന്ദരാജു പൂരിപ്പിക്കുമെന്നും ഉദ്യോഗാർത്ഥികളോട് നിർദ്ദേശിച്ചതായി പോലീസ് പറഞ്ഞു.

രാജുവിന്റെ വീട്ടിൽ നിന്ന് 46 പേരുടെ സർട്ടിഫിക്കറ്റുകളും ചെക്കുകളുടെ ചിത്രങ്ങളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

2018-ലും ഗോവിന്ദരാജുവിനെതിരെ സമാനമായ കേസ് ഫയൽ ചെയ്തിരുന്നതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഗോവിന്ദരാജുവിനെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 318(4) (വഞ്ചന), 61(1)(എ) (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow