'യു.ഡി.എഫിലേക്കില്ല, ഇപ്പോഴും സി.പി.എം അംഗം'; രാജിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി പി.കെ. ശശി

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രാജി സ്വമനസ്സാലെ എടുത്ത തീരുമാനമാണ്- പി.കെ. ശശി

Feb 19, 2026 - 18:42
Feb 19, 2026 - 18:42
 0
'യു.ഡി.എഫിലേക്കില്ല, ഇപ്പോഴും സി.പി.എം അംഗം'; രാജിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി പി.കെ. ശശി

പാലക്കാട്: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പി.കെ. ശശി രംഗത്തെത്തി. താൻ ഇപ്പോഴും മാർക്സിസ്റ്റ് ആദർശങ്ങളിൽ വിശ്വസിക്കുന്ന ആളാണെന്നും യു.ഡി.എഫിലേക്ക് പോകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രാജി സ്വമനസ്സാലെ എടുത്ത തീരുമാനമാണ്. ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല ഇത്. വ്യക്തിപരമായ പ്രയാസങ്ങൾ കാരണമാണ് പദവി ഒഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ് നേതാക്കളാരും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായോ സണ്ണി ജോസഫുമായോ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. തനിക്കെതിരെയുള്ള പ്രതിഷേധങ്ങളെ മുതലെടുക്കാൻ യുഡിഎഫ് ശ്രമിക്കുന്നതാകാം ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

താൻ ഇപ്പോഴും സി.പി.എം അംഗമാണ്. എം.വി. ഗോവിന്ദൻ നയിച്ച ജാഥയിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണ്. പാർട്ടിയുമായി ബന്ധപ്പെട്ട തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നേതൃത്വവുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

"ഇന്ന് പാർട്ടി അംഗമാണ്, നാളെ എന്താകുമെന്ന് ആർക്കും പറയാൻ കഴിയില്ല" എന്ന ശശിയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഇപ്പോൾ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും എന്നാൽ പൊതുപ്രവർത്തന രംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പി.കെ. ശശി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലിരിക്കുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow