നിലമ്പൂരിലേക്ക് പുതിയ മെമു തീവണ്ടി സര്‍വീസ്; സമയക്രമം അറിയാം

നിലമ്പൂര്‍: നിലമ്പൂരിലേക്ക് പുതിയ മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടി സര്‍വീസ് തുടങ്ങുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി മെമു വണ്ടി പരീക്ഷണ ഓട്ടം നടത്തി. സാധാരണ ദിവസങ്ങളില്‍ രാത്രി 8.15 ന് ഷൊര്‍ണൂര്‍ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന വണ്ടിക്ക് പകരം 8.40 നാണ് ശനിയാഴ്ച മെമു പുറപ്പെട്ടത്. ഓരോ സ്‌റ്റേഷനുകളിലും നിര്‍ത്തി യാത്രക്കാരെ ഇറക്കി കയറ്റി കൊണ്ടു പോകുമ്പോള്‍ എത്ര സമയം എടുക്കുമെന്ന് കൂടി അറിയാനാണ് ആദ്യമായി നിലമ്പൂര്‍ക്ക് മെമാ ഓടിച്ചു നോക്കുന്നത്. ഈ സമയം മനസ്സിലാക്കിവേണം സ്ഥിരമായി മെമു ഓടുമ്പോള്‍ സമയം നിശ്ചയിക്കാന്‍.
ആഴ്ചയില്‍ ആറു ദിവസം എറണാകുളത്ത് നിന്ന് രാത്രി ഷൊര്‍ണൂരിലെത്തി അവിടെ ഹാള്‍ട്ട് ചെയ്ത് രാവിലെ കണ്ണൂര്‍ക്ക് പോകുന്നതാണ് ഈ വണ്ടി. എന്നാല്‍ ഇതിന് ഞായറാഴ്ചകളില്‍ ഷെഡ്യൂളില്ലാത്തതിനാലാണ് ശനിയാഴ്ച രാത്രി നിലമ്പൂര്‍ വന്ന് കിടക്കുക. ഞായറാഴ്ച രാവിലെ ഈ വണ്ടി നിലമ്പൂര്‍ നിന്ന് പുലര്‍ച്ചെ 5.30 ന് ഷൊര്‍ണൂര്‍ക്ക് പുറപ്പെടും. ദീര്‍ഘകാലമായി എറണാകുളത്ത് നിന്നുള്ള മെമു നിലമ്പൂര്‍ക്ക് നീട്ടണമെന്ന് വിവിധ സംഘടനകളും മറ്റും ആവശ്യപ്പെടുന്നുണ്ട്.
പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നതിലൂടെ പുതിയ സമയക്രമം നിശ്ചയിച്ച് അധികം താമസിയാതെ നിലമ്പൂര്‍ക്ക് മെമു സര്‍വീസ് തുടങ്ങുമെന്നാണ് വിവരം. ഹ്രസ്വ-മധ്യ ദൂര സര്‍വീസിനാണ് സാധാരണയായി മെമു ഉപയോഗിക്കാറുള്ളത്. അര്‍ധ നഗരപ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലുമാണ് ഇന്ത്യന്‍ റെയില്‍വേ മെമു കൂടുതലായും ഉപയോഗിക്കുന്നത്.
What's Your Reaction?






