ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല; 24 മണിക്കൂറിനിടെ രണ്ട് മരണം; ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിൽ

പലചരക്ക് വ്യാപാരിയായ മോനി ചക്രവർത്തി, പത്രപ്രവർത്തകനും ഫാക്ടറി ഉടമയുമായ റാണ പ്രതാപ് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്

Jan 6, 2026 - 10:14
Jan 6, 2026 - 10:14
 0
ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടക്കൊല; 24 മണിക്കൂറിനിടെ രണ്ട് മരണം; ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിൽ

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നിയന്ത്രണാതീതമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പ്രമുഖ വ്യക്തികളാണ് ആൾക്കൂട്ട ആക്രമണത്തിലും സായുധ ആക്രമണത്തിലും കൊല്ലപ്പെട്ടത്. പലചരക്ക് വ്യാപാരിയായ മോനി ചക്രവർത്തി, പത്രപ്രവർത്തകനും ഫാക്ടറി ഉടമയുമായ റാണ പ്രതാപ് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെ നാർസിംഗ്ഡി ജില്ലയിൽ വെച്ചാണ് മോനി ചക്രവർത്തി ആക്രമിക്കപ്പെട്ടത്. മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് മാരകമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജഷോർ ജില്ലയിൽ ഐസ് ഫാക്ടറി നടത്തിവരികയായിരുന്ന റാണ പ്രതാപിനെ ഫാക്ടറിയിൽ നിന്ന് വിളിച്ചിറക്കി വെടിവെച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നരൈൽ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ ആക്ടിങ് എഡിറ്റർ കൂടിയായിരുന്നു ഇദ്ദേഹം.
 
ഡിസംബർ 31-ന് അക്രമികൾ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തിയ വ്യാപാരി ഖോകൻ ചന്ദ്ര ദാസ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ തീകൊളുത്തപ്പെട്ട നിലയിൽ ഇദ്ദേഹം കുളത്തിലേക്ക് ചാടിയ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ജെന്നൈദ ജില്ലയിൽ ഹിന്ദു യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്ത സംഭവം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ലക്ഷ്യമിടുന്നത് പതിവാകുകയാണ്. സംഭവങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow