'ഇത് കോണ്‍ഗ്രസുകാരുടെ കടയാണ്., മേലാല്‍ വരരുത്, നിങ്ങള്‍ക്ക് പറ്റിയത് ബി.ജെ.പിക്കാരുടെ കടയാണ്': മറിയക്കുട്ടിക്ക് റേഷന്‍ നിഷേധിച്ചെന്ന് പരാതി
കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ ബി.ജെ.പിയുടെ കടയില്‍ പോകാന്‍ ആവശ്യപ്പെട്ടെന്നാണ് മറിയക്കുട്ടി പറയുന്നത്

തൊടുപുഴ: പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം ചെയ്ത് ശ്രദ്ധ നേടിയ മറിയക്കുട്ടിക്ക് റേഷന്‍ കടയില്‍ സാധനങ്ങള്‍ നിഷേധിച്ചെന്ന് പരാതി. അടിമാലിയിലെ എആര്‍ഡി 117 എന്ന റേഷന്‍ കടയിലാണ് മറിയക്കുട്ടിക്ക് സാധനങ്ങള്‍ നിഷേധിച്ചത്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ ബി.ജെ.പിയുടെ കടയില്‍ പോകാന്‍ ആവശ്യപ്പെട്ടു എന്നാണ് മറിയക്കുട്ടി പറയുന്നത്.
'ഇത് കോണ്‍ഗ്രസുകാരുടെ കടയാണ്. ഇവിടെ മേലാല്‍ വരരുത്. നിങ്ങള്‍ക്ക് പറ്റിയ കട ആയിരമേക്കറിലെ കടയാണ്. അത് ബിജെപിയുടെ കടയാണ്. അവിടെ പോയി സാധനങ്ങള്‍ വാങ്ങിക്കുക. മേലാല്‍ വരരുത് എന്നു പറഞ്ഞു'വെന്ന് മറിയക്കുട്ടി പറയുന്നു. 'നിങ്ങള്‍ക്ക് കോണ്‍ഗ്രസുകാര്‍ വീടുവെച്ചു തന്നില്ലേയെന്നും, എന്നിട്ട് അങ്ങനെ ചെയ്യാന്‍ പാടുണ്ടോ'യെന്നും ചോദിച്ചെന്നും മറിയക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അടിമാലി ഇരുന്നേക്കർ പൊന്നുരുത്തുംപാറയിൽ മറിയക്കുട്ടി അടുത്തിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സാധനങ്ങള്‍ നിഷേധിച്ചതിനെതിരെ ജില്ലാ കലക്ടര്‍ക്കും ജില്ലാ സപ്ലൈ ഓഫീസര്‍ക്കും നേരിട്ട് പരാതി നല്‍കി. ശരിയാക്കാമെന്ന് അവര്‍ അറിയിച്ചെന്നും മറിയക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസുകാരില്‍ നിന്ന് ഭീഷണിയുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.
എന്നാല്‍, അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് റേഷന്‍ കടയുടമ പറയുന്നത്. രാഷ്ട്രീയം സംസാരിച്ചിട്ടില്ല. ഇ- പോസ് മെഷീന്‍ തകരാറിനെത്തുടര്‍ന്ന് മറിയക്കുട്ടിയെപ്പോലെ നിരവധി പേരാണ് അന്ന് റേഷന്‍ വാങ്ങാനാകാതെ തിരികെ പോയത്. അവരോട് പിന്നീട് വരാനാണ് പറഞ്ഞതെന്നും കടയുടമ പറയുന്നു.
What's Your Reaction?






