ഒൻപത് യു.കെ സർവകലാശാലകൾ ഇന്ത്യയിൽ കാംപസുകൾ ആരംഭിക്കുമെന്ന് മോദി
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗജന്യ വ്യാപാര കരാർ (FTA) സാധ്യമായതിന് പിന്നാലെ സ്റ്റാർമർ നടത്തിയ ഈ സന്ദർശനം ഇന്ത്യ-യുകെ ബന്ധത്തിൽ പുതിയ ഊർജ്ജം നൽകുന്നതായി മോദി

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. പ്രഥമ ഇന്ത്യാ സന്ദർശനത്തിനായി ബുധനാഴ്ചയാണ് സ്റ്റാർമർ ഡൽഹിയിലെത്തിയത്. സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-പസഫിക്, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിർണായക പ്രാദേശിക വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗജന്യ വ്യാപാര കരാർ (FTA) സാധ്യമായതിന് പിന്നാലെ സ്റ്റാർമർ നടത്തിയ ഈ സന്ദർശനം ഇന്ത്യ-യുകെ ബന്ധത്തിൽ പുതിയ ഊർജ്ജം നൽകുന്നതായി മോദി കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയിൽ ഇന്ത്യ-യുകെ ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തിൽ നിർണായകമായ പ്രഖ്യാപനം പ്രധാനമന്ത്രി മോദി നടത്തി. ഒൻപത് യു.കെ സർവകലാശാലകൾ ഇന്ത്യയിൽ കാംപസുകൾ ആരംഭിക്കും. ഇത് ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ യു.കെ സർവകലാശാലകളായ സതാംപ്ടൺ, ലിവർപൂൾ, യോർക്ക്, അബെർഡീൻ, ബ്രിസ്‌റ്റോൾ എന്നിവ ഇന്ത്യയിൽ കാംപസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. സതാംപ്ടൺ സർവകലാശാലയുടെ ഗുരുഗ്രാമിലെ കാംപസ് ഇതിനകം പ്രവർത്തനം ആരംഭിക്കുകയും ആദ്യ ബാച്ച് പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. ബ്രിസ്‌റ്റോൾ സർവകലാശാലയുടെ മുംബൈ കാംപസ് 2026-ൽ പ്രവർത്തനം ആരംഭിക്കും. ലിവർപൂൾ സർവകലാശാല ബെംഗളൂരുവിലും യോർക്ക് സർവകലാശാലയും അബെർഡീൻ സർവകലാശാലയും മുംബൈയിലും കാംപസുകൾ ആരംഭിക്കുമെന്നാണ് സൂചന.
What's Your Reaction?






