മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിലേക്ക്
കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയാണ് രശ്മിയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തുന്ന രശ്മി ഇന്ന് ഉച്ചയോടെ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചേക്കും.
കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയാണ് രശ്മിയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊട്ടാരക്കരയിൽ ആയിഷ പോറ്റിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ രശ്മിക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഉണ്ടായ സാമ്പത്തിക ബാധ്യതകൾ പാർട്ടി തീർത്തുനൽകണമെന്ന രശ്മിയുടെ ആവശ്യം നേതൃത്വം അംഗീകരിച്ചില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകണമെന്ന ആവശ്യത്തോടും കോൺഗ്രസ് അനുകൂലമായല്ല പ്രതികരിച്ചത്.
തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലെത്തി നേതാക്കളുമായി രശ്മി ചർച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിളിച്ചുചേർത്തിട്ടുള്ള വാർത്താ സമ്മേളനത്തിൽ വെച്ച് ബി.ജെ.പി പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കൊല്ലം ജില്ലയിലെ കോൺഗ്രസിന് രശ്മിയുടെ ഈ മാറ്റം വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
What's Your Reaction?